അപകടശേഷം ദുരന്ത സ്ഥലത്തുകൂടി ആദ്യ വന്ദേ ഭാരത്; കൈവീശി റെയിൽവേ മന്ത്രി– വിഡിയോ
Mail This Article
ബാലസോർ∙ ഒഡീഷയിലെ ബാലസോറിൽ 275 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിൻ ദുരന്തത്തിനു ശേഷം ഇതാദ്യമായി, അതേ പാതയിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് കടത്തിവിട്ടു. ഇവിടെ ഗതാഗതം പുനസ്ഥാപിച്ച ശേഷം ഇന്നു രാവിലെയാണ് ആദ്യത്തെ വന്ദേ ഭാരത് കടത്തിവിട്ടത്. ഹൗറ – പുരി വന്ദേ ഭാരതാണ് അപകടമുണ്ടായ പാതയിലൂടെ സഞ്ചരിച്ചത്. തീരെ വേഗത കുറച്ചാണ് ട്രെയിൻ ഇതുവഴി കടന്നുപോയത്.
രാവിലെ 9.30നാണ് വന്ദേ ഭാരത് അപകടമുണ്ടായ ബഹനാഗ ബസാർ സ്റ്റേഷൻ കടന്നുപോയത്. ഈ സമയം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകട സ്ഥലത്ത് ഉണ്ടായിരുന്നു. വന്ദേ ഭാരത് കടന്നു പോകുമ്പോൾ അദ്ദേഹം ലോക്കോ പൈലറ്റുമാരെ കൈവീശി കാണിച്ചു.
ട്രെയിൻ അപകടമുണ്ടായ ബഹനാഗ ബസാറിൽ 2 പാളങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയായെന്നും ഗതാഗതം വീണ്ടും ആരംഭിച്ചതായും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്കു ശേഷമാണ് അപകട മേഖലയിലൂടെ ആദ്യ ട്രെയിൻ കടന്നുപോയത്. പാളംതെറ്റിയ കോച്ചുകൾ കഴിഞ്ഞദിവസം പുലർച്ചെയോടെ നീക്കം ചെയ്തിരുന്നു. രക്ഷാപ്രവർത്തനം ഏറക്കുറെ പൂർത്തിയതായി ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു.
English Summary: 1st Vande Bharat High-Speed Train Crosses Odisha Rail Tragedy Site