ADVERTISEMENT

ന്യൂഡൽഹി∙ ബാലസോർ ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്താൻ സിബിഐ രംഗത്ത്. 275 പേർ മരിക്കുകയും 1,000 പേർക്ക് പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിന്റെ യഥാർഥ കാരണം പുറത്തെത്തിക്കുകയെന്നതാണ് സിബിഐ ലക്ഷ്യം. അപകടത്തിൽ ഗൂഡാലോചനയും അട്ടിമറിയും സംശയിക്കുന്നതിനാലാണ് അന്വേഷണത്തിനായി സിബിഐ രംഗത്തെത്തുന്നത്. 

ട്രെയിൻ അപകടത്തിന്റെ കാരണം ഇലക്ട്രോണിക്ക് ഇന്റർലോക്കിങ് സംവിധാനത്തിലെ തകരാറാണോ പോയിന്റ് മെഷീനിലെ പിഴവാണോ അതോ സിഗ്നൽ സംവിധാനത്തിലെ പാളിച്ചയാണോയെന്നതു സംബന്ധിച്ചാകും അന്വേഷണം. സിബിഐയ്ക്കു പുറമെ റെയിൽവേ സുരക്ഷാ കമ്മിഷണറും അപകടത്തെ സംബന്ധിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. 

സിബിഐ അന്വേഷണ സംഘം ചൊവ്വാഴ്ച അപകടം നടന്ന സ്ഥലത്തെത്തുമെന്നും റെയിൽവേ പൊലീസിൽനിന്ന് അന്വേഷണം ഏറ്റെടുക്കുമെന്നുമാണു സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. 

കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ട്രെയിൻ അപകടത്തിന്റെ കാരണവും ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും പ്രതികരിച്ചിരുന്നു. ബാലസോർ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നതു വ്യക്തമാക്കിയിരുന്നു. ട്രാക്കിലുണ്ടായ മാറ്റമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആദ്യഘട്ട വിലയിരുത്തൽ. ഇതെല്ലാം സംബന്ധിച്ചാകും സിബിഐ അന്വേഷണം. 

ഇലക്ട്രോണിക് പോയിന്റ് മെഷിനിലെ പിഴവ് സിഗ്നലിങ് സംവിധാനത്തെ ബാധിച്ചതാണ് അപകടകാരണമെന്നാണു റെയിൽവേ വിദഗ്ധർ‌ പറയുന്നത്. ‘‘റെയിൽവേ സിഗ്നലിങ് സംവിധാനത്തിന്റെ പ്രധാന ഉപകരണമാണ് ഇലക്ട്രോണിക് പോയിന്റ് മെഷിൻ. ട്രെയിൻ പോകേണ്ട പാത സ്റ്റേഷൻ ഇൻ ചാർജ് തീരുമാനിച്ച് ഇലക്ട്രോണിക് പോയിന്റ് മെഷിൻ വഴി പാളം ലോക്ക് ചെയ്ത് കഴിഞ്ഞാൽ, ഈ പാതയിലൂടെയേ ട്രെയിനിനു സഞ്ചരിക്കാനാകൂ. ഇവിടെ സിഗ്നലും ലഭിച്ച സാഹചര്യത്തിൽ അപകടകാരണം ട്രെയിനിലെ ഡേറ്റ ശേഖരിച്ച് വിലയിരുത്തണം. സാധാരണയായി ട്രാക്കിലെ പ്രശ്നങ്ങളാണ് പാളംതെറ്റുന്നതിന് ഇടയാക്കാറുള്ളത്. താപനിലയിലെ പ്രശ്നങ്ങൾ ട്രാക്കിൽ പാളിച്ചകൾ ഉണ്ടാക്കാം. സമൂഹിക വിരുദ്ധർ പാളങ്ങളിലുണ്ടാക്കുന്ന കേടുപാടുകളും ചില്ലറയല്ല. ട്രാക്കുകൾ 24 മണിക്കൂറും തത്സമയം നിരീക്ഷിക്കാൻ സംവിധാനം വരേണ്ടതുണ്ട്’’– വിദഗ്ധർ പറയുന്നു. 

ലൂപ്പ് ലൈനും മെയിൻ ലൈനും തമ്മിൽ മാറുന്നതില്‍ യന്ത്രസംവിധാനത്തിൽ പിഴവുണ്ടായതും ട്രെയിൻ കടന്നു പോകാൻ സിഗ്നൽ ലഭിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്ന് ഇന്ത്യൻ റെയിൽവേ സാങ്കേതിക മിഷൻ മുൻതലവൻ നളിനാക്ഷ് എസ്. വ്യാസ് പറയുന്നത്. റെയില്‍വേ ട്രാക്കുകളിൽ കവച് സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നതാകും അപകടങ്ങൾ കുറയ്ക്കാൻ സഹായകമാകുകയെന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തിയാകും അന്വേഷണം.

English Summary: CBI Investigation in Odisha Train Tragedy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com