ADVERTISEMENT

തൃശൂർ∙ തൃശൂർ ജില്ലയിലെ കയ്പമംഗലത്തിനു സമീപം പനമ്പിക്കുന്നിൽ വച്ച് അപകടത്തിൽപെട്ട നടൻ കൊല്ലം സുധിയെയും കൂടെയുണ്ടായിരുന്നവരെയും കാറിൽനിന്ന് പുറത്തെടുത്തത് എയർബാഗ് മുറിച്ചു മാറ്റിയശേഷം. സുധിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും മുഖമാകെ രക്തമായിരുന്നുവെന്നും ദൃക്‌സാക്ഷിയായ സുനിൽ പറഞ്ഞു. അപകടമുണ്ടായ സ്ഥലം സ്ഥിരം അപകടമേഖലയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് ചായക്കട നടത്തുന്ന സുനിലാണ് അപകടം നടന്നയുടനെ ഓടിയെത്തിയത്. 

‘‘ഒരു വാഹനം തെക്കുനിന്നും മറ്റൊന്ന് വടക്കുനിന്നും വന്നു. വടക്കുനിന്നെത്തിയത് കാറും തെക്കുനിന്നെത്തിയത് പിക്കപ്പ് വാനും. വാഹനങ്ങൾ ഇടിക്കുന്നതാണ് കണ്ടത്. ഒാടിച്ചെന്ന് നോക്കിയപ്പോൾ, എയർബാഗുണ്ടായിരുന്നു. പിന്നീട് നാട്ടുകാർ ഓടിയെത്തി എയർബാഗ് മുറിച്ചുമാറ്റി പരുക്കേറ്റവരെ പുറത്തെടുത്തു. അപകടത്തിൽപെട്ടത് ആരൊക്കെയാണെന്ന് അറിയില്ലായിരുന്നു. കൊല്ലം സുധിയും ബിനു അടിമാലിയുമാണെന്ന് പിന്നീടാണ് അറിഞ്ഞത്. കൊല്ലം സുധി മുൻവശത്തെ സൈഡ് സീറ്റിലായിരുന്നു. തലയിടിച്ചതാണെന്ന് തോന്നുന്നു. ആകെ രക്തമായിരുന്നു. അപ്പോൾ അദ്ദേഹത്തിന് ശബ്ദമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ശബ്ദമുണ്ടായത്. അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു. മുഖത്തൊക്കെ രക്തമായിരുന്നു. ഇവിടം അപകടമേഖലയാണ്’’– അദ്ദേഹം പറഞ്ഞു. 

ഇന്നു പുലർച്ചെ 4.30നാണ് നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39), ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ സഞ്ചരിച്ച കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവരെയും കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ബിനു അടിമാലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. ഓടിക്കൂടിയ നാട്ടുകാരും ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ്, സാന്ത്വനം, ആക്ട്സ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. വടകരയിൽ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സുധിയും സംഘവും.

English Summary: Kollam Sudhi Car Accident - Witness Response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com