ആദ്യം 288 എന്നു പറഞ്ഞ മരണസംഖ്യ എങ്ങനെ 275 ആയി?; ഒന്നും ഒളിക്കാനില്ലെന്ന് ഒഡീഷ സർക്കാർ
Mail This Article
ഭുവനേശ്വർ∙ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം കുറച്ചുകാട്ടാൻ ശ്രമിച്ചിട്ടില്ലെന്ന് ഒഡീഷ സർക്കാർ. അപകടത്തിൽ മരിച്ചവരുടെ എണ്ണത്തിൽ കൃത്രിമം കാട്ടുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഒഡീഷ ചീഫ് സെക്രട്ടറി പി.കെ. ജെന നിലപാട് വിശദീകരിച്ചത്. അപകടം സംഭവിച്ചതിനു ശേഷം ഇതുവരെ നടത്തിയ രക്ഷാപ്രവർത്തനം പൂർണമായും പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാലസോറിലുണ്ടായ അപകടത്തിൽ 288 പേർ മരിച്ചതായാണ് റെയിൽവേ മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, 275 പേരാണ് മരിച്ചതെന്ന് ഒഡീഷ സർക്കാർ ഞായറാഴ്ച തിരുത്തിയിരുന്നു. ഇതോടെയാണ്, മരിച്ചവരുടെ എണ്ണം കുറച്ചു കാട്ടാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നത്.
‘‘നോക്കൂ, അപകട സ്ഥലത്ത് ആദ്യം മുതൽ മാധ്യമങ്ങളുടെ സാന്നിധ്യമുണ്ട്. അവിടെ എല്ലാ കാര്യങ്ങളും ക്യാമറകൾക്കു മുന്നിലാണ് നടന്നത്. മരണസംഖ്യം 288 ആണെന്നു പറഞ്ഞത് റെയിൽവേ മന്ത്രാലയമാണ്. റെയിൽവേയിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ഒഡീഷ സർക്കാരും മരണം 288 ആണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, 275 പേരാണ് മരിച്ചതെന്ന് ബാലസോർ ജില്ലാ കലക്ടറാണ് പിന്നീട് വ്യക്തമാക്കിയത്’ – ചീഫ് സെക്രട്ടറി വിശദീകരിച്ചു.
മൃതദേഹങ്ങളുടെ എണ്ണമെടുത്ത സമയത്ത് ഇരട്ടിപ്പ് വന്നതാണ് മരണസംഖ്യയിൽ വ്യത്യാസം വരാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം ഇരട്ടിപ്പുകൾ തിരുത്തി എണ്ണമെടുത്തപ്പോഴാണ്, മരിച്ചത് 275 പേരാണ് എന്ന് ജില്ലാ കലക്ടർ സ്ഥിരീകരിച്ചതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. അപകട സ്ഥലത്ത് ഒരു ഘട്ടത്തിൽ പോലും മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രക്ഷാ പ്രവർത്തനവും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും മാധ്യമങ്ങളുടെ മുന്നിൽവച്ചാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒഡീഷ സർക്കാർ സ്ഥിരീകരിച്ച മരണ സംഖ്യയിൽ സംശയം രേഖപ്പെടുത്തി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്തെത്തി. ബംഗാളിൽ നിന്നു മാത്രം 61 പേർ അപകടത്തിൽ മരിച്ചതായി മമത ചൂണ്ടിക്കാട്ടി. ബംഗാളികളായ 182 പേരേക്കുറിച്ച് ഇപ്പോഴും വിവരവുമില്ല. ‘‘ഒരു സംസ്ഥാനത്തുനിന്നു മാത്രം 61 പേർ മരിക്കുകയും 182 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെങ്കിൽ, ശരിക്കും മരിച്ചവരുടെ എണ്ണം എത്രയായിരിക്കും?’ – മമത ചോദിച്ചു.
അതേസമയം, മമത ബാനർജിയുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിസമ്മതിച്ചു. മരിച്ചതായി സ്ഥിരീകരിച്ച 275 പേരിൽ, 108 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. എല്ലാ മൃതദേഹങ്ങളും അവകാശികൾ തിരിച്ചറിഞ്ഞ് യഥോചിതം സംസ്കരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഒഡീഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി. മൃതദേഹങ്ങൾ അഴുകാൻ തുടങ്ങിയ സാഹചര്യത്തിൽ പരമാവധി രണ്ടു ദിവസം കൂടി അവകാശികളെത്തി തിരിച്ചറിയുന്നതിനായി സൂക്ഷിക്കുമെന്നും അതിനുശേഷം നിയമപ്രകാരം സംസ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
English Summary: ‘No intention to hide deaths’: Odisha govt on manipulation of crash toll allegation