ബാലസോറില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; ആയിരത്തിലധികം ജീവനക്കാര്‍, വമ്പന്‍ ഉപകരണങ്ങള്‍, മണിക്കൂറുകള്‍ നീണ്ട പ്രയത്നം
Mail This Article
ബാലസോർ∙ ട്രെയിന്‍ ദുരന്തമുണ്ടായ ഒഡീഷയിലെ ബാലസോറിലെ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട ബെംഗളൂരു യശ്വന്ത്പുര – ഹൗറ ട്രെയിന്‍ കടന്നുപോയ ട്രാക്കാണ് 51 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പുനഃസ്ഥാപിച്ചത്. കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിന്‍ ഇന്നലെ രാത്രി 10.40ന് കടന്നുപോയി.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിന്‍ കടന്നുപോയത്. 1000ൽ അധികം തൊഴിലാളികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെ രണ്ടുദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്. ഏഴ് പോക്കറ്റിങ് മെഷീനുകൾ, 140 ടൺ റെയിൽവേ ക്രെയിൻ, 4 റോഡ് ക്രെയിനുകൾ എന്നിവയുടെ സഹായത്തോടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്. ബുധനാഴ്ച പുലർച്ചെയോടെ എല്ലാ സർവീസുകളും പുനഃസ്ഥാപിക്കാനാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ സന്ദർശനം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർക്കു പ്രചോദനമായി. 51 മണിക്കൂറോളമാണ് വിശ്രമമില്ലാതെ അവർ ജോലിചെയ്തത്. പ്രിയപ്പെട്ടവരെ നഷ്ടമായവർക്ക് അവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ പരമാവധി സഹായങ്ങൾ നൽകും. ട്രാക്കുകളുടെ വൈദ്യുതീകരണം പുരോഗമിക്കുകയാണ്.’– മന്ത്രി വ്യക്തമാക്കി.
ദുരന്തത്തില്‍ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ ഇന്ന് തെളിവെടുപ്പ് നടത്തും. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കും മൊഴി നല്‍കാന്‍ അവസരമുണ്ട്. അപകടത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും. ട്രെയിൻ ദുരന്തത്തിനുകാരണം സിഗ്‌നലിങ് സംവിധാനത്തിലെ പിഴവെന്നു റെയിൽവേ ബോർഡ് അറിയിച്ചതിനു തൊട്ടുപിന്നാലെ, അട്ടിമറിസാധ്യത തള്ളാനാകില്ലെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചിരുന്നു. സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും അന്തിമ നിഗമനത്തില്‍ എത്തിച്ചേരുക.
English Summary: Odisha Train Accident: Train movement resumes in Odisha's Balasore