ട്രെയിൻ ദുരന്തം: ബംഗാൾ ഗ്രാമത്തിന് സാന്ത്വനമേകി ഗവർണർ ആനന്ദബോസ്
Mail This Article
കൊൽക്കത്ത∙ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മൂന്നു മക്കളെ നഷ്ടപ്പെട്ട കുടുംബത്തെ ആശ്വസിപ്പിക്കാൻ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് എത്തി. സുന്ദർബൻസിലെ ബസന്തി ചരണിക്കാളി ഗ്രാമത്തിൽ ദുരിതത്തിൽ കഴിയുന്ന 300 പേർക്ക് ഗവർണർ ധനസഹായവും നൽകി. തമിഴ്നാട്ടിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സഹോദരൻമാരായ ഹരൻ ഗയേൻ (40), നിശികാന്ത് ഗയേൻ (35), ദിബാക്കർ ഗയേൻ (32) എന്നിവർ ട്രെയിൻ അപകടത്തിൽ മരിച്ചിരുന്നു. നാട്ടിലെത്തിയശേഷം
വീണ്ടും ജോലിക്കായി ചെന്നൈയിലേക്ക് പോകവെയാണ് ദുരന്തമുണ്ടായത്. ഗ്രാമത്തിലെ മറ്റു രണ്ടുപേർ കൂടി മരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അര ലക്ഷം രൂപം വീതം ഗവർണർ നൽകി. ആറു മാസത്തേക്കുള്ള ഭക്ഷണസാമഗ്രികൾ ഉറപ്പാക്കിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം മരണാനന്തരച്ചടങ്ങുകൾക്കുള്ള സൗകര്യങ്ങളും ഒരുക്കി. ഗ്രാമത്തിന്റെ വികസനത്തിനായി ആക്‌ഷൻ പ്ലാൻ തയാറാക്കി നൽകാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. നേരത്തേ കൊൽക്കത്തയിലെ വിവിധ ആശുപത്രികളിലെത്തി ഗവർണർ പരുക്കേറ്റവരെ സന്ദർശിച്ചിരുന്നു. ബംഗാളിൽ നിന്നുളള 103 പേരാണ് ട്രെയിൻ ദുരന്തത്തിൽ മരിച്ചത്.
English Summary: Bengal governor visits train accident victims