‘വിദ്യമാർക്ക് വ്യാജവിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി പ്രതികരിക്കണം’
Mail This Article
തിരുവനന്തപുരം∙ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ ഉൾപ്പെട്ട എസ്എഫ്ഐ നേതാവ് കാസർകോട് തൃക്കരിപ്പൂർ സ്വദേശി കെ.വിദ്യയുമായി (വിദ്യ വിജയൻ) ബന്ധപ്പെട്ട് പ്രതികരിച്ച സിപിഎം നേതാവ് പി.കെ.ശ്രീമതിക്ക് ‘ഉപദേശ’വുമായി യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്.നായർ. വിദ്യയ്ക്കെതിരെ മാത്രമല്ല, വിദ്യമാർക്ക് വ്യാജ വിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി പ്രതികരിക്കണമെന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വീണ ആവശ്യപ്പെട്ടു. ഇഎംഎസും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും അടങ്ങുന്ന കമ്യൂണിസ്റ്റ് നേതാക്കൾ ഭരിച്ചപ്പോൾ വിദ്യാഭ്യാസ രംഗം ഇത്ര കുത്തഴിഞ്ഞിട്ടില്ലായിരുന്നുവെന്ന് വീണ ചൂണ്ടിക്കാട്ടി.
വീണ എസ്.നായരുടെ കുറിപ്പിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട ശ്രീമതി ടീച്ചർ അറിയാൻ. ടീച്ചറേ! യഥാർത്ഥത്തിൽ ടീച്ചർ പറയേണ്ടിയിരുന്നത് ‘എന്നാലും എന്റെ വിദ്യയേ’ എന്നല്ല. ‘എന്നാലും എന്റെ കാരണഭൂതാ’ എന്നായിരുന്നു. വിദ്യയുടെ ‘വ്യാജ വിദ്യ’ ഒറ്റപ്പെട്ട സംഭവമല്ല. കുത്തഴിഞ്ഞ ഒരു വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രതീകം മാത്രമാണത്. ഇഎംഎസും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും അടങ്ങുന്ന കമ്യൂണിസ്റ്റ് നേതാക്കൾ ഭരിച്ചപ്പോൾ വിദ്യാഭ്യാസ രംഗം ഇത്ര കുത്തഴിഞ്ഞിട്ടില്ലായിരുന്നു.
നേതാക്കളുടെ ഭാര്യമാർക്കു വേണ്ടി ശീർഷാസനം ചെയ്യുന്ന റാങ്ക് ലിസ്റ്റുകൾ കേരളം കണ്ടത് കാരണഭൂതന്റെ ഭരണത്തിൽ മാത്രമല്ലേ ടീച്ചറെ? കാരണഭൂതന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ അനധികൃത നിയമനം ഹൈക്കോടതി റദ്ദാക്കിയത് ടീച്ചർ അറിഞ്ഞിരുന്നില്ലേ? പരീക്ഷ എഴുതാത്തവർ ജയിക്കുകയും ബ്ലൂടൂത്ത് ഉപയോഗിച്ച് പിഎസ്‌സി പരീക്ഷ അട്ടിമറിക്കുകയും കോളജുകളിൽ നിന്നും ജയിച്ച വനിതാ നേതാവിന്റെ പേരിനു പകരം അർഹതയില്ലാത്ത ആളുടെ പേര് യൂണിവേഴ്സിറ്റിയിലേക്ക് അയയ്ക്കുകയും ചെയ്യുന്ന സംഭവങ്ങൾ കാരണഭൂതന്റെ കാലത്തു മാത്രമുള്ള പ്രതിഭാസങ്ങളാണ്.
ടീച്ചർ ഇനിയും പ്രതികരിക്കണം.. വിദ്യയ്ക്കെതിരെ മാത്രമല്ല, വിദ്യമാർക്ക് വ്യാജ വിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി പ്രതികരിക്കണം.
എന്ന്, വീണ എസ്.നായർ
English Summary: Veena S Nair Takes A Dig At Pinarayi Vijayan And PK Sreemathy