ADVERTISEMENT

ഖർതൂം∙ കൊടുമ്പിരികൊണ്ട യുദ്ധത്തിന് ഇടവേള നൽകി സുഡാൻ. റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) സൈന്യവും തമ്മിലുള്ള യുദ്ധം ശനിയാഴ്ച 24 മണിക്കൂർ നേരത്തേക്കാണ് നിർത്തിവയ്ക്കുന്നത്. സൗദി അറേബ്യയുടെയും യുഎസിന്റെയും പരിശ്രമത്തിനൊടുവിലാണ് രക്തരൂഷിതമായ യുദ്ധത്തിന് അൽപസമയത്തേക്കെങ്കിലും വിരാമമായത്. ഈ സമയം ഭക്ഷണമുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ യുദ്ധമേഖലയിലെത്തിക്കാനും ദുരിതബാധിതർക്കു വിതരണം ചെയ്യാനും സാധിക്കും. 

യുദ്ധം നീണ്ടതോടെ പട്ടിണിയിലായ ജനം മരണത്തിന്റെ വക്കിലെത്തിയതോടെയാണ് വെടിനിർത്തലിന് ഇരു വിഭാഗങ്ങളും തയാറായത്. വെടിനിർത്തലിനു തയാറാണെന്ന് അറിയിച്ച് ഔദ്യോഗികമായി സൈന്യം കുറിപ്പ് ഇറക്കി. എന്നാൽ ആർഎസ്എഫ് ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായിട്ടില്ല. ഏപ്രിൽ 15ന് തുടങ്ങിയ യുദ്ധത്തിൽ മുൻപും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. അതിനാൽ വെടിനിർത്തൽ പൂർണമായും നടപ്പാകുമോ എന്ന ആശങ്കയുമുണ്ട്. 

ഇരുസംഘങ്ങളും വെടിനിർത്തൽ കൃത്യമായി പാലിച്ചാൽ പ്രശ്നപരിഹാരത്തിനായി ജിദ്ദയിൽ നടത്തിയ ചർച്ചകൾ കൂടുതൽ വിശ്വാസ്യതയോടെ തുടരാനാകും. എന്നാൽ വെടിനിർത്തൽ നടപ്പായില്ലെങ്കിൽ ചർച്ചകളുമായി മുന്നോട്ടുപോകാനില്ലെന്നും സൗദിയും യുഎസും ഇറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അതിനാൽ വെടിനിർത്തൽ പാലിക്കപ്പെടുമെന്നാണ് കരുതുന്നത്. യുഎന്നിന്റെ കണക്കനുസരിച്ച്, സുഡനിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 25 ദശലക്ഷം ആളുകൾ അവശ്യ സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. റെഡ് ക്രോസ് അടക്കമുള്ള സന്നദ്ധ സംഘടനകൾക്ക് ദുരിതാശ്വാസ പ്രവർത്തനം നടത്താൻ സാധിക്കാത്ത സാഹചര്യമാണ്. അതിനാലാണ് രാജ്യാന്തര സമ്മർദത്തെത്തുടർന്ന് യുദ്ധം 24 മണിക്കൂർ നേരത്തേക്ക് നിർത്താൻ ധാരണയായത്.  

ഷെല്ലാക്രമണത്തിൽ തകർന്ന വീടിനുമുന്നിൽ ജനങ്ങൾ.  (Photo by AFP)
ഷെല്ലാക്രമണത്തിൽ തകർന്ന വീടിനുമുന്നിൽ ജനങ്ങൾ. (Photo by AFP)

തെരുവുകളിൽ നിറഞ്ഞ് ശവശരീരങ്ങൾ

ഇരുവിഭാഗങ്ങളും കൊന്നൊടുക്കുന്ന ആളുകളുടെ ശവശരീരങ്ങൾ തെരുവുകളിൽത്തന്നെ കിടക്കുകയാണ്. ഏതു നിമിഷവും വെടിവയ്പ്പുണ്ടാകുമെന്നതിനാൽ ആരും പുറത്തിറങ്ങാനോ സംസ്കാരം നടത്താനോ തയാറാകുന്നുമില്ല. തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നത് ഒഴിവാക്കാൻ ചിലർ റോഡരികിൽത്തന്നെ ശവശരീരം കുഴിച്ചിടുന്നുമുണ്ട്. വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്നവരെ ഉൾപ്പെടെ വെടിവച്ചുകൊല്ലുന്ന അവസ്ഥയാണ്. ഇങ്ങനെ കൊല്ലപ്പെടുന്നവരെ വീടിന്റെ തറ പൊളിച്ച് വീടിനുള്ളിൽ തന്നെ കുഴിച്ചിടുകയാണ് ചെയ്യുന്നത്. പുറത്തിറങ്ങിയാൽ മരണം ഉറപ്പായതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. 

തെരുവുകളിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ അലക്ഷ്യമായി കുഴിച്ചിടുന്നത് മറ്റുപ്രശ്നങ്ങൾക്കും കാരണമാകുകയാണ്. എത്ര പേരാണ് മരിച്ചതെന്നോ എങ്ങനെയാണ് മരിച്ചതെന്നോ എവിടെയാണ് കുഴിച്ചിട്ടതെന്നോ കണ്ടെത്താൻ സാധിക്കില്ല. അലക്ഷ്യമായി കുഴിച്ചിടുന്നതിലൂടെ രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും റെഡ് ക്രോസ് ഉൾപ്പെടെ പറയുന്നു. അതേസമയം, സെമിത്തേരികളിലും ശ്മശാനങ്ങളിലും കുഴിച്ചിടാമെന്ന പ്രതീക്ഷയിൽ മൃതദേഹങ്ങൾ ആഴ്ചകളോളം സൂക്ഷിച്ചു വച്ച് ഒടുവിൽ പുരയിടത്തിൽ സംസ്കരിക്കേണ്ട ഗതികേടിലായവരുമുണ്ട്. രണ്ടായിരത്തോളം പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്. 1.4 ദശലക്ഷം പേർ വീടും സ്ഥലവും ഉപേക്ഷിച്ചു പോയി. അഞ്ചു ലക്ഷത്തോളം പേർ മറ്റു രാജ്യങ്ങളിലേക്ക് കടന്നു. 

വീടുകൾ കയ്യേറി പീഡനം 

സുഡാനിലെ യുദ്ധത്തിന്റെ പ്രധാന ഇരകൾ സ്ത്രീകളാണ്. ആർഎസ്എഫും സൈനികരും സ്ത്രീകളെ പീഡിപ്പിക്കുന്നുണ്ട്. വീട്ടിനുള്ളിലും തെരുവുകളിലും പീഡനം അരങ്ങേറുകയാണ്. വീടുകൾ കയ്യേറുന്ന സൈന്യം പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം നിരവധി സ്ത്രീകളാണ് രാജ്യം വിട്ടത്. ഈജിപ്ത്, എത്യോപ്യ, ചാഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കടന്നത്. രാജ്യം വിടാനുള്ള ശ്രമ‌ത്തിൽ‌ സ്ത്രീകൾ പലപ്പോഴും ചെന്നുപെടുന്നത് മനുഷ്യക്കടത്തുകാരുടെ കയ്യിലാണ്.

സുഡാനിൽ ആക്രമണത്തിൽ തകർന്ന കെട്ടിടം. (Photo by AFP)
സുഡാനിൽ ആക്രമണത്തിൽ തകർന്ന കെട്ടിടം. (Photo by AFP)

യുദ്ധം രൂക്ഷമായതോടെ 70 ശതമാനം ആശുപത്രികളും അടച്ചപൂട്ടി. ഇതോടെ ഗർഭിണികൾ ഉൾപ്പെടെ ദുരിതത്തിലായി. വീട്ടിൽവച്ചാണ് മിക്ക സ്ത്രീകളും പ്രസവിക്കുന്നത്. ഭക്ഷണവും വെള്ളവുമില്ലെങ്കിൽപോലും വീടിനുള്ളിൽത്തന്നെ സ്ത്രീകൾ ഒളിച്ചുകഴിയുകയാണ്.   

പട്ടിണിയിലായി കുട്ടികൾ

ആയിരക്കണക്കിന് കുട്ടികളാണ് യുദ്ധം ആരംഭിച്ചതോടെ പട്ടിണിയിലായത്. സൈന്യവും ആർഎസ്എഫും തമ്മിൽ രൂക്ഷയുദ്ധം നടക്കുന്ന സ്ഥലത്തെ ഒരു അനാഥമന്ദിരത്തിൽനിന്ന് സന്നദ്ധ പ്രവർത്തകർ 297 കുട്ടികളെ അതിസാഹസികമായി രക്ഷിച്ചു. ഇതിൽ 200 പേരും രണ്ട് വയസ്സിൽ താഴെയുള്ളവരാണ്. ഖാർത്തൂമിലെ അനാഥമന്ദിരത്തിൽ 67 കുട്ടികൾ മരിച്ചതിനെത്തുടർന്നാണ് സന്നദ്ധപ്രവർത്തകർ ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെങ്കിലും വൈദ്യുതി, കുടിവെള്ള ക്ഷാമം രൂക്ഷമാണ്. 43 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട്. പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന കുട്ടികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ദുഷ്കരമാണ്.   

ഏകാധിപതിയെ പുറത്താക്കി സൈന്യത്തിന്റെ അധികാര വടംവലി

ആഫ്രിക്കൻ രാജ്യമായ സുഡാനിൽ കരസേനയും പ്രധാന പാരാമിലിട്ടറി വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സസും തമ്മിലാണ് ഏറ്റുമുട്ടൽ. കരസേന ഇപ്പോഴത്തെ സുഡാൻ പട്ടാളഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാന് പരിപൂർണ പിന്തുണ നൽകുന്നു. റാപിഡ് സപ്പോർട്ട് ഫോഴ്‌സ് ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോ എന്ന മുൻ യുദ്ധപ്രഭുവിനെ അനുകൂലിക്കുന്നവരാണ്. 2019ൽ സുഡാന്റെ ഏകാധിപതി ഒമർ അൽ ബാഷിറിനെ പുറത്താക്കിയതു മുതലാണ് ഇരു സേനകളും തമ്മിൽ വടംവലി തുടങ്ങിയത്. ഇരുസേനകളെയും കരുത്തരാക്കി വളർത്തി അന്യോന്യം മത്സരസ്വഭാവമുണ്ടാക്കിയതിൽ ഒമർ അൽ ബാഷിറിനു വലിയ പങ്കുണ്ട്. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെ കരസേനയിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് ഇപ്പോഴത്തെ ആഭ്യന്തര യുദ്ധത്തിന്റെ പ്രധാന കാരണം.

English Summary: Reason For Sudan's Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com