ADVERTISEMENT

കൊച്ചി ∙ എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യ‌യ്‌ക്കെതിരായ വ്യാജരേഖക്കേസില്‍ മഹാരാജാസ് കോളജില്‍ തെളിവെടുപ്പ്. അട്ടപ്പാടി അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കോളജില്‍ പരിശോധന നടത്തി. വിദ്യ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ബോധ്യപ്പെട്ടെന്നും വിദ്യയ്ക്കായി അന്വേഷണം തുടരുന്നുവെന്നും ഡിവൈഎസ്പി എന്‍.മുരളീധരന്‍ പറഞ്ഞു.

അന്വേഷണസംഘം ചോദിച്ച രേഖകളെല്ലാം നല്‍കിയെന്ന് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശ‍ര്‍മിള വ്യക്തമാക്കി. വിദ്യയ്‍ക്കെതിരായ വ്യാജരേഖ കേസ്, പിഎച്ച്ഡി പ്രവേശനത്തിലെ ക്രമക്കേടുകൾ എന്നിവയാണ് അന്വേഷണ വിധേയമാക്കുന്നത്. അന്വേഷണത്തിന് സിൻഡിക്കേറ്റിന്റെ ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി വൈസ് ചാൻസലർ ഉത്തരവിറക്കിയിരുന്നു. സംവരണം അട്ടിമറിച്ചാണ് വിദ്യയുടെ പിഎച്ച്ഡി പ്രവേശനം എന്നതിന്റെ കൂടുതൽ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനാണ് നിര്‍ദശം.

മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ അധ്യാപന പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതിന് പ്രതിസ്ഥാനത്തുള്ള വിദ്യ ഇപ്പോഴും അദൃശ്യയായി തുടരുന്നുവെന്നാണ് അഗളി പൊലീസ് പറയുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വൈകാതെ വിദ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടിസ് കൈമാറും. മഹാരാജാസ് കോളജിന്റെ പേരില്‍ വിദ്യ സമര്‍പ്പിച്ച അധ്യാപന പ്രവൃത്തിപരിചയ സാക്ഷ്യപത്രം വ്യാജമെന്ന പരാതിയില്‍ കൂടുതലാളുകളില്‍നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തും.

മഹാരാജാസ്, അട്ടപ്പാടി കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കൊപ്പം അട്ടപ്പാടിയില്‍ വിദ്യ അഭിമുഖത്തിനെത്തിയപ്പോള്‍ അധ്യാപക പാനലിലുണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ബോധപൂര്‍വം പൊലീസ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

English Summary: K Vidya Fake Experience Certificate Case: Police Probe at Maharajas College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com