ബ്രിജ് ഭൂഷന്റെ അറസ്റ്റ്: ഹരിയാനയിൽ ബന്ദിന് ആഹ്വാനം ചെയ്ത് ഖാപ് നേതാക്കൾ
Mail This Article
ന്യൂഡൽഹി∙ ലൈംഗികാതിക്രമ പരാതിയിൽ ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജൂൺ 14ന് ഹരിയാനയിൽ ബന്ദ്. ഖാപ് നേതാക്കളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് കർഷക സംഘടനകൾ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ലൈംഗിക ആരോപണത്തിൽപെട്ട ഹരിയാന മന്ത്രി സന്ദീപ് സിങ്ങിന്റെ രാജി, കർഷകരുടെ ഭൂമി ഏറ്റെടുക്കുമ്പോൾ അതിന് വിപണി വിലയുടെ നാലിരട്ടി നൽകണം തുടങ്ങി 25 ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രമേയം ഖാപ് നേതാക്കൾ പുറത്തിറക്കി. ബ്രിജ് ഭൂഷന്റെ അറസ്റ്റ് എത്രയും വേഗം ഉണ്ടാകണമെന്നാണ് പ്രധാന ആവശ്യം.
അതേസമയം, ബന്ദിൽ നിന്ന് ഖാപ് നേതാക്കൾ പിന്മാറണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആവശ്യപ്പെട്ടു. ചർച്ചകളാണ് ഉണ്ടാകേണ്ടതെന്നും കേന്ദ്രസർക്കാർ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഗുസ്തി താരങ്ങളുമായി താന്‍ ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
English Summary: Khap leaders call for 'Haryana bandh' on June 14 in support of wrestlers' protest