ADVERTISEMENT

വാഷിങ്ടന്‍∙ ഭര്‍ത്താവിനെ കൊന്ന കേസില്‍ പിടിയിലായ അമേരിക്കന്‍ യുവതി 'സമ്പന്നര്‍ക്കു വേണ്ടിയുള്ള ആഡംബര ജയിലുകളെ' കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്നു റിപ്പോര്‍ട്ട്. 2022 മാര്‍ച്ചില്‍ ഫെന്റനൈല്‍ എന്ന രാസവസ്തു കൂടുതലായി ഉള്ളില്‍ ചെന്ന് എറിക് റിച്ചിന്‍സ് എന്നയാള്‍ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുപ്പത്തിമൂന്നുകാരിയായ ഭാര്യ കൗറി റിച്ചിന്‍സിന്റെ ഗൂഗിള്‍ സെര്‍ച്ച് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

യുഎസിലെ ഉട്ട എന്ന മേഖലയിലെ കാരാഗൃഹങ്ങളെക്കുറിച്ചും അമേരിക്കയിലെ ആഡംബര ജയിലുകളെക്കുറിച്ചുമാണ് കൗറി പ്രധാനമായി ഗൂഗിളില്‍ തിരഞ്ഞെിരിക്കുന്നത്. മായ്ച സന്ദേശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വീണ്ടെടുക്കാന്‍ കഴിയുമോ, ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പണം ലഭിക്കാന്‍ എത്രനാള്‍ വേണ്ടിവരും, പൊലീസിന് ഒരാളെ നിര്‍ബന്ധിച്ച് നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ കഴിയുമോ, മരണസര്‍ട്ടിഫിക്കറ്റില്‍ മരണകാരണം മാറ്റാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് കൗറി ഇന്റര്‍നെറ്റില്‍ തിരഞ്ഞിരിക്കുന്നത്. 

വിചാരണയ്ക്കിടെ കോടതിയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. കൗറി സമൂഹത്തിന് അപകടമാണെന്നും അവര്‍ ജയിലില്‍ തന്നെ കഴിയട്ടെ എന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ തന്റെ കേസിലെ തെളിവുകളെക്കുറിച്ചു പഠിക്കുക മാത്രമാണ് അവര്‍ ചെയ്തതെന്ന് കൗറിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. 

2022 മാര്‍ച്ചില്‍ രാത്രി ഏറെ വൈകി കൗറി പൊലീസില്‍ വിളിച്ച് തന്റെ ഭര്‍ത്താവിന്റെ ശരീരം തണുത്തു വിറങ്ങലിച്ചിരിക്കുകയാണെന്ന് പറയുകയായിരുന്നു. ഭര്‍ത്താവിനു താന്‍ വോഡ്ക നല്‍കി മണിക്കൂറുകള്‍ക്കു ശേഷം അദ്ദേഹത്തെ ബോധരഹിതനായി കണ്ടുവെന്നുമാണ് കൗറി പൊലീസിനോടു പറഞ്ഞത്. തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ഫെന്റനൈല്‍ എത്തിയതാണ് എറിക്കിന്റെ മരണകാരണമെന്നു കണ്ടെത്തി. മരണകാരണമാകാവുന്നതിനേക്കാള്‍ അഞ്ചു മടങ്ങ് രാസവസ്തു എറിക്കിന്റെ ശരീരത്തിലുണ്ടായിരുന്നു. വേദനയ്ക്കുള്ള മരുന്നിന്റെ കുറിപ്പടി ആവശ്യപ്പെട്ട് കൗറി ഒരാള്‍ക്കു സന്ദേശമയച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ആദ്യം ലഭിച്ചതിനേക്കാള്‍ കുറച്ചുകൂടി തീവ്രതയുള്ള മരുന്നു വേണമെന്നു പിന്നീട് ആവശ്യപ്പെട്ടു. മൂന്നുദിവസത്തിനു ശേഷം വാലന്റൈന്‍സ് ദിനത്തില്‍ അത്താഴത്തിനു ശേഷം എറിക്കിനു ദേഹാസ്വാസ്ഥ്യം ഉണ്ടായി. രണ്ടാഴ്ചയ്ക്കു ശേഷം കൗറി ഫെന്റനൈല്‍ വാങ്ങിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

English Summary: US Woman Accused Of Killing Husband Googled 'Luxury Prisons For Rich'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com