‘സുധാകരന് പണം വാങ്ങുന്നത് കണ്ടു; മുഖ്യമന്ത്രിയിലേക്കും പ്രധാനമന്ത്രിയിലേക്കും എത്താൻ മോൻസൻ ശ്രമിച്ചു’
Mail This Article
തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പണം വാങ്ങുന്നത് താന്‍ കണ്ടെന്ന് മോന്‍സൻ മാവുങ്കലിന്റെ ഡ്രൈവര്‍ അജിത്. മോന്‍സന്റെ കയ്യില്‍നിന്നും പത്ത് ലക്ഷം രൂപയാണ് സുധാകരന്‍ വാങ്ങിയതെന്ന് അജിത് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണ്‍ പണം നല്‍കിയിട്ടുണ്ടെന്നും അജിത് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പിഎസിനെതിരായ മോന്‍സന്റെ പരാമര്‍ശം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും അജിത് ആരോപിച്ചു.
‘‘മോൻസൻ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിനും ഇഡിക്കും രണ്ടു മാസം മുൻപ് മൊഴി നൽകിയിരുന്നു. രാഷ്ട്രീയ, സിനിമാ, പൊലീസ് മേഖലകളിൽനിന്നുള്ളവർക്ക് മോൻസൻ മാവുങ്കൽ പണം നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്. സിനിമാ നിർമാതാവ് സാബു ചെറിയാൻ എന്നയാൾക്ക് മോൻസൻ സാർ 50 ലക്ഷം രൂപ നൽകിയിരുന്നു. അതുപോലെ ഡിഐജി സുരേന്ദ്രൻ സാറിന് 15 ലക്ഷം രൂപ, സുധാകരൻ സാറിന് 10 ലക്ഷം രൂപ. ഇതെക്കൊയാണ് ഞാൻ മൊഴിയായി നൽകിയത്. ബാക്കിയുള്ളവർ സിനിമാ മേഖലയിൽനിന്നാണ്’’ – അജിത് പറഞ്ഞു.
‘‘കെ.സുധാകരന് പണം നൽകുന്നത് ഞാൻ നേരിട്ടു കണ്ടതാണ്. കേസ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോൾത്തന്നെ ഇക്കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞിരുന്നു. അന്ന് ഇതെന്താണു പുറത്തു വരാത്തതെന്ന് അറിയില്ല. അനൂപേട്ടൻ (കേസിലെ പരാതിക്കാരിൽ ഒരാൾ) തന്ന 25 ലക്ഷത്തിൽനിന്നാണ് സുധാകരൻ സാറിന് 10 ലക്ഷം കൊടുത്തത്. ഡൽഹിയിലെ ഫിനാൻസ് കമ്മിറ്റിയിൽ അടയ്ക്കാനുള്ള പണമാണെന്നാണു പറഞ്ഞത്. അപ്പോഴേയ്ക്കും അനൂപേട്ടൻ കുറേ പണം മോൻസൻ സാറിന് കൊടുത്തിരുന്നു.
പിന്നീട് വിശ്വാസം കുറഞ്ഞതോടെയാണ്, അനൂപിനു വിശ്വാസമുള്ള ആളോടു തന്നെ സംസാരിച്ചതിനുശേഷം പണം തന്നാൽ മതിയെന്ന് മോൻസൻ സാർ പറഞ്ഞത്. അങ്ങനെ സുധാകരൻ സാർ വീട്ടിലുള്ള ദിവസം മോൻസൻ സാർ അനൂപേട്ടനെ വിളിച്ചുവരുത്തി. അന്ന് 25 ലക്ഷം രൂപയുമായാണ് അനൂപേട്ടൻ വന്നത്. 25 ലക്ഷം രൂപ വാങ്ങിയ കാര്യം സുധാകരൻ സാറിന് അറിയില്ല. അദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് കൊടുത്തത്. ബാക്കി 15 ലക്ഷം മോൻസൻ സാർ എടുത്തു.
അന്ന് മോൻസൻ സാർ സുധാകരൻ സാറിന്റെ കയ്യിൽത്തന്നെയാണ് 10 ലക്ഷം രൂപ കൊടുത്തത്. അത് എണ്ണിയത് ഞാനും ജോഷി എന്ന സ്റ്റാഫും ചേർന്നാണ്. 25 ലക്ഷത്തിൽ 15 ലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തി അദ്ദേഹത്തിന്റെ ബെഡ്റൂമിൽ മാറ്റിവച്ചു. പിന്നീട് മോൻസൻ സാർ വന്നപ്പോൾ അത് അദ്ദേഹത്തെ ഏൽപ്പിച്ചു.
മുഖ്യമന്ത്രി സാറിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് മോൻസൻ സാറുമായി ബന്ധമുണ്ടെന്നൊക്കെ സുധാകരൻ സാർ ഇന്നലെ പറയുന്നതു കേട്ടു. മോൻസൻ സാറിന്റെ 20 ഫോൺ പരിശോധിച്ചാലും അതിൽനിന്ന് അങ്ങനെയൊരു നമ്പർ പോലും കിട്ടില്ല. മോൻസൻ സാർ മുഖ്യമന്ത്രിയുടെ അടുത്തെത്താൻ പല വഴികളും നോക്കിയിരുന്നു. പക്ഷേ അവിടെ എത്താനായില്ല. അതുകഴിഞ്ഞ് പ്രധാനമന്ത്രിയിലേക്കും എത്താൻ ചില വഴികളൊക്കെ നോക്കിയിരുന്നു. അതും എത്താനായില്ല. അപ്പോഴേക്കും അറസ്റ്റിലായി’’ – അജിത് പറഞ്ഞു.
English Summary: K Sudhakaran Recieved Money From Monson Mavunkal, Says Driver