ബെലാറൂസിലെ വെടിപ്പുരകൾ നിറയുന്നു; എന്നു പൊട്ടും റഷ്യയുടെ ആണവായുധം ?
Mail This Article
മിൻസ്ക് ∙ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിച്ച് യുക്രെയ്ൻ വിജയപ്പതാക നാട്ടുന്നതിനിടെ അവസാന ആയുധം പ്രയോഗിക്കാൻ റഷ്യ തയാറെടുക്കുന്നുവെന്ന് സൂചന. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉറ്റസുഹൃത്തും ബെലാറൂസ് പ്രസിഡന്റുമായ അലക്സാണ്ടർ ലൂകഷെൻകോ അക്കാര്യം ചൊവ്വാഴ്ച വ്യക്തമാക്കി. റഷ്യൻ ആണവായുധങ്ങൾ അടുത്ത ദിവസങ്ങളിൽ ബെലാറൂസിൽ വിന്യസിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ജൂലൈയിൽ ആണവായുധങ്ങൾ ബെലാറൂസിൽ എത്തിക്കുമെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞിരുന്നത്. എന്നാൽ അടുത്ത ദിവസങ്ങളിൽത്തന്നെ ആയുധങ്ങൾ ബെലാറൂസിന്റെ അതിർത്തികളിലെത്തുമെന്നാണ് വ്യക്തമാകുന്നത്. അതിർത്തികൾ സുരക്ഷിതമാക്കാനാണ് ആയുധങ്ങൾ വിന്യസിക്കുന്നതെന്ന് റഷ്യയും ബെലാറൂസും പറയുമ്പോൾ, യുക്രെയ്നെതിരെ ഉപയോഗിക്കാനാണ് എന്ന കാര്യം വ്യക്തമാണ്. കഖോവ്ക ഡാം തകർത്ത് പ്രളയമുണ്ടാക്കിയിട്ടും യുക്രെയ്ൻ റഷ്യയ്ക്കെതിരെ മുന്നേറ്റം തുടരുന്നതിനിടെയാണ് ലൂകഷെൻകോയുടെ പ്രസ്താവന. റഷ്യ പിടിച്ചെടുത്ത പല ഗ്രാമങ്ങളും ഇതിനകം യുക്രെയ്ൻ തിരിച്ചുപിടിച്ചു കഴിഞ്ഞു.
പ്രകോപനമുണ്ടായാൽ ആണവായുധം
നേരിട്ടല്ലെങ്കിലും, യുക്രെയ്നെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിൽ എല്ലാ സഹായവും ബലാറൂസ് നൽകുന്നുണ്ട്. ഏറ്റവും ഒടുവിൽ, റഷ്യയുെട ആണവായുധം വിന്യസിക്കാൻ പോലും ബെലാറൂസ് സാഹചര്യം ഒരുക്കി. ഇതിനായി, ആണവായുധമുക്ത രാഷ്ട്രമെന്ന പദവി നീക്കി ഭരണഘടനാ ഭേദഗതി പോലും വരുത്തി. പ്രകോപനമുണ്ടായാൽ ആയുധം പ്രയോഗിക്കാൻ മടിക്കില്ലെന്നും ലൂകഷെൻകോ പറഞ്ഞു.
‘‘വിദേശ സൈനികന്റെ ഒരു ചുവടുപോലും ബെലാറൂസിന്റെ മണ്ണിൽ പതിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ആയുധങ്ങൾ വിന്യസിക്കുന്നത്. ആയുധങ്ങൾ പ്രയോഗിക്കുന്നതിൽനിന്നു ദൈവം എന്നെ തടയുകയാണ്. എന്നാൽ എന്തെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ തീർച്ചയായും ആയുധം പ്രയോഗിച്ചിരിക്കും. ഏറ്റവും പ്രഹരശേഷിയുള്ള ടോപോൾ ഉൾപ്പെടെയുള്ള മിസൈലുകളാണ് രാജ്യത്തിന് ആവശ്യം. എന്നാൽ ടോപോൾ ഭൂഖണ്ഡാന്തര മിസൈൽ ആണ്. നിലവിൽ യുഎസുമായി യുദ്ധത്തിനു സാഹചര്യമില്ലാത്തതിനാൽ അത്തരം ആയുധങ്ങൾ വിന്യസിക്കുന്നില്ല. ആയുധങ്ങൾ വിന്യസിക്കുന്നതിന് സോവിയറ്റ് കാലത്ത് ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ തന്നെ ഇപ്പോഴും ഉപയോഗിക്കാൻ സാധിക്കും’’.– ലൂകഷെൻകോ പറഞ്ഞു. ഹ്രസ്വപരിധിയുള്ള, വൻപ്രഹര ശേഷിയില്ലാത്ത മിസൈലുകളാണ് ആദ്യഘട്ടത്തിൽ ബെലാറൂസിൽ എത്തിക്കുകയെന്ന് പുട്ടിൻ പറഞ്ഞിരുന്നു.
ഉറ്റുനോക്കി ലോകരാജ്യങ്ങൾ
ബെലാറൂസിൽ ആണവായുധങ്ങൾ വിന്യസിക്കാനുള്ള റഷ്യയുടെ നീക്കം യുഎസും ചൈനയുമുൾപ്പെടെ വൻസൈനിക ശക്തികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നാറ്റോ സഖ്യത്തിൽ യുക്രെയ്നെയും ഉൾപ്പെടുത്തണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ബെലാറൂസിന്റെ നീക്കം. നാറ്റോയുടെ ഒറ്റ സൈനികൻ പോലും ബെലാറൂസിൽ കാലുകുത്താൻ ഇടവരില്ലെന്നാണ് ലൂകഷെൻകോ പറഞ്ഞത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്ന് വൻ തോതിൽ ആയുധം നൽകുന്നതു കൊണ്ടാണ് ഒരു വർഷത്തിലേറെയായിട്ടും റഷ്യയ്ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ സാധിക്കാതിരുന്നത്.
യുക്രെയ്ന് നാറ്റോയിൽ അംഗത്വം കൂടി നൽകിയാൽ നിലവിലെ സാഹചര്യം തകിടം മറിയും. കൂടുതൽ ആയുധങ്ങൾ നൽകി യുക്രെയ്നെ സഹായിക്കുന്നതിൽനിന്നും നാറ്റോയിൽ അംഗത്വം നൽകുന്നതിൽനിന്നും അമേരിക്കയെയും യൂറോപ്പിനെയും പിന്തിരിപ്പിക്കാനാണ് റഷ്യയുടെ ശ്രമം. റഷ്യയുടെ ആയുധശേഖരത്തിൽ വൻ കുറവാണുണ്ടായിരിക്കുന്നത്. ഇറാനിൽ നിന്നുള്ള ഡ്രോൺ ഉൾപ്പെടെ എത്തിച്ചാണ് റഷ്യ പിടിച്ചു നിൽക്കുന്നത്.
തിരിച്ചിറങ്ങുന്ന റഷ്യ
ഒരുവർഷത്തിലധികം യുദ്ധം െചയ്തിട്ടും കാര്യമായ നേട്ടമില്ലാതെ നിൽക്കുകയാണ് റഷ്യ. അതിനിടെയാണ് യുക്രെയ്ൻ പ്രത്യാക്രമണം ആരംഭിച്ചത്. പാശ്ചാത്യരാജ്യങ്ങളുടെ സഹായത്തോടെയുള്ള പ്രത്യാക്രമണത്തിൽ, റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ ഓരോന്നായി തിരികെ പിടിച്ചുകൊണ്ടിരിക്കുകയാണ് യുക്രെയ്ൻ. ജയിൽപ്പുള്ളികളും കുറ്റവാളികളും ഉൾപ്പെടുന്ന കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് മാത്രമാണ് മുൻനിരയിൽ നിന്ന് റഷ്യയ്ക്കു വേണ്ടി പോരാടുന്നത്. ഇവരുടെ എണ്ണത്തിൽ വലിയ കുറവു വന്നതോടെയാണ് റഷ്യയ്ക്കു പിന്നാക്കം പോകേണ്ടി വന്നത്. വാഗ്നർ ഗ്രൂപ്പിൽ എത്ര പേരുണ്ടെന്നോ ആരൊക്കെയാണെന്നോ വ്യക്തമല്ല. യുവാക്കളെ യുദ്ധത്തിനു വിടുന്നതിനെതിരെ റഷ്യയിൽ വൻ പ്രതിഷേധം ഉയർന്നതോടെയാണ് വാഗ്നർഗ്രൂപ്പിനെ മുൻനിരയിൽ നിർത്തിയത്. വാഗ്നർ ഗ്രൂപ്പ് പിടിച്ചെടുത്ത സ്ഥലങ്ങളിലേക്കാണ് റഷ്യൻ സൈനികർ എത്തിയിരുന്നത്.
സൈനിക ബലം കുറഞ്ഞ റഷ്യ യുദ്ധം അനുകൂലമാക്കാനുള്ള പരിശ്രമത്തിലാണ്. അതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു കഖോവ്ക ഡാം തകർത്തത്. യുദ്ധം ആരംഭിക്കുമ്പോൾ മുതൽ ഡാം തകർക്കപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഡാം തകർക്കരുതെന്ന് പല രാജ്യങ്ങളും റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഡാം തകർന്നതോടെ നിരവധി പ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങി. സാപൊറീഷ്യ ആണവ നിലയത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. എന്നാൽ ഡാം തകർത്തത് തങ്ങളല്ലെന്ന നിലപാടിലാണ് റഷ്യ. യുക്രെയ്ൻ പ്രത്യാക്രമണം ആരംഭിച്ചതോടെ അറ്റകൈ പ്രയോഗങ്ങളാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ബാക്കിപത്രമായാണ് ബെലാറൂസിൽ ആണവായുധങ്ങൾ വിന്യസിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ആദ്യം
ജൂലൈയിൽ പ്രത്യേക സംഭരണകേന്ദ്രങ്ങൾ തയാറായതിനു ശേഷം തന്ത്രപ്രധാന ആണവായുധങ്ങൾ വിന്യസിക്കുമെന്നാണ് പുട്ടിൻ പറഞ്ഞത്. മോസ്കോയ്ക്കു പുറത്തേക്ക് ആണവായുധങ്ങൾ മാറ്റാനുള്ള നീക്കം സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ആദ്യമാണ്. യുഎസും നാറ്റോ സൈനിക സഖ്യവും യുക്രെയ്നു പിന്തുണ അറിയിച്ചപ്പോള്‍ത്തന്നെ ബെലാറൂസിലേക്ക് തന്ത്രപ്രധാനമായ ആണവായുധങ്ങൾ മാറ്റുമെന്ന് പുട്ടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്നിൽ റഷ്യ നടത്തുന്നത് സാമ്രാജ്യത്വ രീതിയിലുള്ള അധിനിവേശമാണെന്നും അതുകൊണ്ടുതന്നെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രെയ്നെ സഹായിക്കുമെന്നും നാറ്റോ രാജ്യങ്ങൾ വ്യക്തമാക്കിയതോടെയാണ് പുട്ടിൻ കൂടുതൽ മുൻകരുതൽ സ്വീകരിക്കുന്നത്.
ബെലാറൂസ് അതിർത്തിയിൽനിന്നുള്ള മിസൈൽ പരിധിയിയിൽ യുക്രെയ്ൻ തലസ്ഥാനമായ കീവും ഉൾപ്പെടും. എന്നാൽ ആണവായുധം പ്രയോഗിക്കാൻ റഷ്യ തയാറാകില്ലെന്നു തന്നെയാണ് യുഎസും പാശ്ചാത്യ രാജ്യങ്ങളും കരുതുന്നത്. ആണവായുധം പ്രയോഗിച്ചാൽ യുദ്ധത്തിന്റെ ഗതി മാറുമെന്നും സങ്കൽപിക്കാനാകാത്തവിധം കാര്യങ്ങൾ കൈവിട്ടുപോകുമെന്നും യൂറോപ്യൻ രാജ്യങ്ങൾക്ക് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ആണവായുധപ്രയോഗം ഏതുവിധേനയും തടയാനുള്ള ശ്രമത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ.
English Summary: Russia deploys tactical nukes in Belarus