ADVERTISEMENT

ചാലക്കുടി∙ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അസം നാഗോൺ ജില്ല ദൂപാഗുരിഗാവോൺ സ്വദേശികളായ അബ്ദുൽ റഹ്മാൻ (22), നൂറുൽ അമീൻ (35) എന്നിവരെയാണ്  പിടികൂടിയത്. ഇവരിൽനിന്നു ലക്ഷങ്ങൾ വില വരുന്ന 28 ഡപ്പി ഹെറോയിൻ കണ്ടെടുത്തു. വിൽപനയ്ക്കായി പരിയാരം പൂവത്തിങ്കൽ കുറ്റിക്കാട് റോഡിൽ കൊണ്ടു വന്നപ്പോഴാണു പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിൽ ഭദ്രമായി അടച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന KL42Q8311 നമ്പർ സ്കൂട്ടറിന്റെ പ്രത്യേക അറയിലും വസ്ത്രത്തിനുള്ളിലുമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.

വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളിൽ ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്ത് ആവശ്യക്കാരെ കണ്ടെത്തി എത്തിച്ചു കൊടുക്കുകയാണു പതിവെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അസമിൽനിന്നു കൊണ്ടുവന്നതാണ് ലഹരിമരുന്ന് എന്ന് ആദ്യം ഇവര്‍ പൊലീസിനോട് പറഞ്ഞെങ്കിലും മറ്റൊരു അതിഥി തൊഴിലാളി തന്നതാണ് എന്നു പിന്നീട് പറഞ്ഞു. ഇയാളെ കുറിച്ചു പൊലീസ് അന്വേഷിച്ചു വരികയാണ്. അബ്ദു റഹ്മാൻ ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റേഷനിലെ ശുചിമുറിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് സി, ഇൻപെക്ടർ സന്ദീപ് കെ.എസ്, ജില്ലാ ലഹരിവിരുദ്ധ സേനാ ഇൻസ്പെക്ടർ അരുൺ ബി.കെ. എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 

ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദേശത്തെ തുടർന്ന് ജില്ലയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതിനിടയില്‍ തന്നെയാണ് ലഹരിമരുന്നുമായി അതിഥി തൊഴിലാളികള്‍ പിടിയിലാകുന്നത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഷബീബ് റഹ്മാൻ ,ഷാജു എടത്താടൻ ക്രൈംസ്ക്വാഡ് അംഗങ്ങളും ലഹരിവിരുദ്ധ സേനാംഗങ്ങളുമായ വി.ജി സ്റ്റീഫൻ, സി.എ ജോബ്, സതീശൻ, റോയി പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ചാലക്കുടി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ‌ ജെയ്സൺ ജോസഫ്, സീനിയർ സിപിഒമാരായ സിജു ജെ.യു, ബിനു ദേവരാജൻ, ജിബി പി. ബാലൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി.എസ്. റെനീഷ് എന്നിവരടങ്ങിയ സംഘം ഒരാഴ്ചയോളം പരിയാരം ഭാഗത്ത് മഫ്തിയിൽ സഞ്ചരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അസം സ്വദേശികൾ പിടിയിലായത്.

English Summary: Two Assam Men Arrested With Heroine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com