തൃക്കാക്കര പരാജയം: അന്വേഷണ കമ്മിഷനുമായി ഇ.പി. സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തൽ
Mail This Article
കൊച്ചി ∙ തൃക്കാക്കര തിരഞ്ഞെടുപ്പു പരാജയം അന്വേഷിച്ച കമ്മിഷനോടു തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ സഹകരിച്ചില്ലെന്നു പാർട്ടി അന്വേഷണ കമ്മിഷന്റെ കുറ്റപ്പെടുത്തൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് അന്വേഷിച്ച എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടിലാണു ഇടതുമുന്നണി കൺവീനർ കൂടിയായ ജയരാജനെതിരെ വിമർശനം.തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന എല്ലാവർക്കും ചോദ്യാവലി നൽകിയിരുന്നു. തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരനായിട്ടും ഇ.പി. ജയരാജൻ അതു പൂരിപ്പിച്ചു നൽകിയില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വെളിപ്പെടുത്തി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പരാജയത്തിൽ ആർക്കെതിരെയും നടപടിയില്ലെങ്കിലും സംഘടനാ തലത്തിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. കമ്മിഷൻ അംഗങ്ങളായ എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം പി.രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശൻ, പി.കെ. ബിജു, എം.സ്വരാജ് തുടങ്ങിയവരും ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
English Summary: CPM enquiry commission against EP Jayarajan on Thrikkakara Election failure