ജില്ലാ റോഡുകളില്‍ 80 കി.മീ. സ്പീഡില്‍ ചീറിപ്പാഞ്ഞാല്‍ എന്താകും?; വിദഗ്ധര്‍ക്ക് ആശങ്ക
Mail This Article
തിരുവനന്തപുരം∙ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി വർധിപ്പിക്കുമ്പോഴും അടിസ്ഥാനസൗകര്യങ്ങൾ പഴയപടി. ഒൻപതു സീറ്റിനു മുകളിലുള്ള യാത്രാ വാഹനങ്ങളുടെ വേഗം ജില്ലാ റോഡുകളിൽ മണിക്കൂറിൽ 65 കിലോമീറ്ററിൽനിന്ന് 80 കിലോമീറ്ററായാണ് ഉയർത്തിയത്. വീതി കുറഞ്ഞ, അശാസ്ത്രീയമായി നിർമിക്കപ്പെട്ട റോഡുകളിൽ ഇത് അപകടസാധ്യത ഉയർത്തുമെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ പഠനങ്ങളില്ലാതെയാണ് വേഗപരിധി കൂട്ടിയതെന്നാണ് ഉയരുന്ന ആരോപണം.
എംസി റോഡിലും നാലുവരി സംസ്ഥാനപാതയിലും മണിക്കൂറിൽ 65 കിലോമീറ്റർ വേഗമെന്നത് 85 ആയി ഉയർത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന ചെറു റോഡിനെ അപ്പോഴുള്ള സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വീതി കൂട്ടിയാണ് ജില്ലാ റോഡുകൾ രൂപപ്പെട്ടിരിക്കുന്നത്. എംസി റോഡ് പോലും വികസിപ്പിച്ചിരിക്കുന്നത് ഈ രീതിയിലാണ്. എംസി റോഡിന്റെ പല ഭാഗങ്ങളിലുമുള്ള കൊടുംവളവുകൾ മാറ്റാനോ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന അടിസ്ഥാന കാര്യങ്ങൾ പരിഹരിക്കാനോ അധികൃതർ ശ്രദ്ധ ചെലുത്തുന്നില്ല.
റോഡുകൾക്ക് അരികിൽ സ്ഥിതി ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, തിരക്കേറിയ ജംക്‌ഷനുകൾ, അപകടസാധ്യതകൾ, നടന്ന അപകടങ്ങൾ എന്നിവയൊന്നും വിശകലനം ചെയ്യാതെയാണ് വേഗപരിധി കൂട്ടിയത്. എല്ലാ സുരക്ഷാ കാര്യങ്ങളും പരിശോധിച്ച് നിർമിക്കുന്ന ഡിസൈൻ റോഡുകൾ കേരളത്തിലില്ല. നാലുവരി പാതയായി നിർമിക്കുന്ന റോഡുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ രണ്ടുവരിയായി ചുരുങ്ങും.
കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ ചെറുപട്ടണങ്ങളുള്ള കേരളത്തിൽ റോഡിന്റെ വശങ്ങളിലെ വാഹന പാർക്കിങ് റോഡ് ബ്ലോക്കിന് പ്രധാന കാരണമാണ്. പാർക്കിങിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കാൻ താൽപര്യമില്ല. തിരക്കു കുറയ്ക്കാൻ ആവശ്യത്തിന് ഫ്ലൈ ഓവറുകളോ അടിപ്പാതകളോ ഇല്ല. വാഹനങ്ങളുടെ വേഗം വർധിപ്പിക്കുന്നതിനൊപ്പം ഇത്തരം സൗകര്യങ്ങളും വർധിപ്പിക്കണമെന്ന് റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നു.
ഇരുചക്രവാഹനങ്ങളുടെ വേഗം നിലവിൽ മണിക്കൂറിൽ 70 കിലോമീറ്ററായിരുന്നത് ഏതു റോഡിലും 60 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളാണ് അപകടങ്ങളിൽ മുന്നിലെന്നതാണ് പുതിയ തീരുമാനത്തിന് കാരണമായി പറയുന്നത്. ഈ തീരുമാനത്തോട് എതിർപ്പും ഉയർന്നിട്ടുണ്ട്.
എട്ടു ക്യാമറ യൂണിറ്റുകളാണ് അമിതവേഗം പിടികൂടാനായി നിരത്തിലുള്ളത്. നാലെണ്ണം സഞ്ചരിക്കുന്ന വാഹനങ്ങളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. പല റോഡുകളിലും 60 കിലോമീറ്റർ വേഗപരിധി പാലിക്കാൻ കഴിയാത്തതിനാൽ പിഴ നോട്ടിസുകളുടെ എണ്ണവും വർധിക്കും.
English Summary: Speed Limits of Vehicles on the Roads Increased; Infrastructure Remains same