ശക്തികുറഞ്ഞ് ബിപോർജോയ്; കേരളത്തിൽ വരുംദിവസങ്ങളിൽ കാലവർഷം സജീവമാകും?
Mail This Article
പാലക്കാട് ∙ ഗുജറാത്ത്, രാജസ്ഥാൻ മേഖലയിൽ കരതൊട്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ചുഴലി കരതൊട്ട് ശക്തി ഇല്ലാതാകുന്നതോടെ, അതിന്റെ പിടിയിൽപ്പെട്ട കാലവർഷക്കാറ്റ് കേരളത്തിൽ എപ്പോൾ ശക്തമായി തിരിച്ചെത്തും എന്നതാണ് ഇനി അറിയേണ്ടത്. ചുഴലിയുടെ ശക്തി നന്നായി കുറയുന്നതിനൊപ്പം കാലവർഷം സജീവമാകുമെന്നാണു പ്രതീക്ഷയും നിരീക്ഷണവും. എന്നാൽ അത് എത്രകണ്ട് ശക്തമാകുമെന്നതിൽ കാലാവസ്ഥാ ശാസ്ത്രജ്ഞർക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണ്.
അനുകൂല ഘടകങ്ങൾ ഒത്തുവന്നാൽ അടുത്തദിവസം മഴ പെയ്തു തുടങ്ങുമെന്നാണ് ഇപ്പോഴത്തെ പൊതുനിഗമനം. മഴക്കാറുകൾ രൂപപ്പെടുന്നുണ്ട്. അതിനാൽ, 18 മുതൽ രണ്ടാഴ്ച തുടർച്ചയായി മോശമല്ലാത്ത മഴ ലഭിക്കുമെന്നുതന്നെ കണക്കുകൂട്ടുന്നു. സമുദ്രങ്ങളിൽ നിലവിൽ മർദങ്ങളൊന്നുമില്ലെങ്കിലും, സാധാരണരീതിയിൽതന്നെ കാലവർഷം ശക്തിപ്പെടാനാണ് സാധ്യത. പിന്നീട് വീണ്ടുമൊരു ഇടവേളക്കുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. കടലിൽ ന്യൂനമർദമുണ്ടായാൽ മഴ ശക്തമാകുമെന്ന രീതി കുറച്ചുവർഷമായി കണ്ടുവരുന്നുണ്ട്. ഉഷ്ണജലപ്രവാഹമായ എൽനീനോയുടെ ശക്തമായ സ്വാധീനം കാലവർഷത്തെ കാര്യമായി സ്വാധീനിക്കുമെന്നാണ് നിഗമനം. ഇടവേളകൾക്കുശേഷം അതിശക്ത മഴകൾക്കുള്ള സാധ്യതയും വിദഗ്ധരിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു.
16 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗത്തിൽ കാറ്റിനും 19നും 20നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കാലവർഷം ആദ്യം ജൂൺ ഒന്നിനും പിന്നീട് നാലിനുമെത്തുമെന്ന പ്രവചനം ശരിയായില്ല. അഞ്ചിനുശേഷമാണ് മഴ ലഭിച്ചു തുടങ്ങിയത്. അതും കാലവർഷത്തിലെന്നപോലെ തുടർച്ചയായി കിട്ടിയതുമില്ല. പിന്നീടുള്ള ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ കുറവായി. ഈ സമയം അറബിക്കടലിൽ ശക്തിപ്രാപിച്ചുവന്ന ചക്രവാതത്തിന്റെ സ്വാധീനത്തിൽ കാലവർഷക്കാറ്റ് പെട്ടതോടെ കാലവർഷം ദുർബലമായി.
ചക്രവാതം ശക്തമായ ന്യൂനമർദവും ചുഴലിയുമായി രൂപപ്പെട്ടതോടെ മഴ ഏതാണ്ട് പിൻമാറി. പിന്നീട് ഇടിയും മിന്നലുമായി ഒറ്റപ്പെട്ട മഴകളാണ് ലഭിച്ചത്. ചുഴലി വലിച്ചെടുത്ത കാലവർഷക്കാറ്റ്, സാധാരണരീതിയിൽ വഴിതിരിഞ്ഞുപോകാൻ സാധ്യതയില്ല. അത് മടങ്ങിയെത്തി പെയ്തു തീരുമെന്നാണ് വിലയിരുത്തൽ. 20 വരെ നല്ലമഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഭൗമമന്ത്രാലയം മുൻ സെക്രട്ടറിയും പ്രമുഖ കാലാവസ്ഥ ശാസ്ത്രജ്ഞനുമായ ഡോ. എം.രാജീവൻ പറഞ്ഞു. മൺസൂൺകാലത്ത് അന്തരീക്ഷത്തിൽ സ്വാഭാവികമായി ഉരുത്തിരിയുന്ന ഘടകങ്ങൾ കാലവർഷക്കാറ്റിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇടിമിന്നലിനെതിരെ ജാഗ്രത വേണം
ഇടിമിന്നലിനെതിരെ വരുംദിവസങ്ങളിൽ അതീവജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ആകാശത്ത് കാർമേഘം കണ്ടുതുടങ്ങുന്നതു മുതൽ ശ്രദ്ധിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ, കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്തവിധം തുറസ്സായ സ്ഥലത്താണ് നിൽക്കുന്നതെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കണമെന്നാണു നിർദേശം.
∙ ഇടിമിന്നലിന്റെ ആദ്യസൂചന കണ്ടുകഴിഞ്ഞാൽ, ഉടനെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
∙ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് ഇരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കുക. മിന്നൽസമയത്ത് വൈദ്യുതോപകരണങ്ങളുടെ അടുത്ത് നിൽക്കരുത്
∙ മൊബൈൽ ഫോൺ ഉപയോഗിക്കാം. എന്നാൽ, ടെലിഫോൺ ഒഴിവാക്കണം.
∙ കാർമേഘം മൂടിയിട്ടുണ്ടെങ്കിൽ കുട്ടികൾ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കരുത്.
∙ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
∙ ഇടിമിന്നൽ സമയത്ത് വാഹനത്തിനകത്ത് തുടരുക. കൈകാലുകൾ പുറത്തിടരുത്. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് വേണ്ട.
∙ മിന്നൽസൂചനയുണ്ടായാൽ തുണികൾ എടുക്കാൻ ടെറസിലും മുറ്റത്തുംപോകരുത്.
∙ കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവയ്ക്കുക.
∙ മിന്നൽ സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നലിൽ നിന്നുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
∙ ജലാശയത്തിൽ മീൻ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. കാർമേഘങ്ങൾ കാണുമ്പോൾതന്നെ മത്സ്യബന്ധനം, ബോട്ടിങ് എന്നിവ നിർത്തി അടുത്ത കരയിലേക്ക് എത്താൻ ശ്രമിക്കണം. മിന്നൽസമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും നിർത്തണം.
∙ പട്ടം പറത്തുന്നത് ഒഴിവാക്കുക. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. കാർമേഘം കാണുന്ന സമയത്ത് അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും പോകരുത്.
∙ കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണ് നിൽക്കുന്നതെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
∙ മിന്നൽകാരണം പൊള്ളലുണ്ടാകാനും കാഴ്ചയും കേൾവിയും നഷ്ടപ്പെടാനും ഹൃദയാഘാതം സംഭവിക്കാനും വരെ സാധ്യതയുണ്ട്. മിന്നലാഘാതം ഏറ്റയാളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്നതിനാൽ അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നൽകാൻ മടിക്കരുത്.
∙ മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ആ സമയം പാഴാക്കാതെ എത്രയുംപെട്ടെന്നു വൈദ്യ സഹായം എത്തിക്കണം.
∙ ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ (Damini App) ഉപയോഗിക്കാം.
English Summary: Cyclone Biparjoy becomes weak; Monsoon in Kerala will be strong in coming days