ADVERTISEMENT

ചെന്നൈ∙ ഒറ്റയാൻ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റെബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് ഹർജി തള്ളിയത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെഞ്ചിനു ഹർജി കൈമാറിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക്, അഞ്ചാം നമ്പർ കോടതിയിലാണ് ഹർജി പരിഗണിച്ചത്. അരിക്കൊമ്പനു തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് – മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ട തമിഴ്നാട് സർക്കാരിന്റെ നടപടി റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ 5നു പുലർച്ചെയാണു മയക്കുവെടിയുതിർത്ത് കമ്പത്തുനിന്ന് അരിക്കൊമ്പനെ പിടികൂടിയത്. തുമ്പിക്കൈ, കാലുകൾ എന്നിവിടങ്ങളിലെ മുറിവിനു പ്രത്യേക ചികിത്സ നൽകിയാണു തിരുനെൽവേലിയിലെത്തിച്ചത്. നിലവിൽ അരിക്കൊമ്പൻ എവിടെയാണെന്നു സംബന്ധിച്ച് കൃത്യമായ വിവരമില്ല. റേ‍ഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ എന്നതിന്റെ പേരിൽ അഭ്യൂഹങ്ങൾ ശക്തമാണ്. കാട്ടാന കോതയാർ ഡാമിനു 200–300 മീറ്റർ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒൻപതിനു സിഗ്നൽ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്നൽ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി.

കോതയാർ ഡാം പരിസരത്തുനിന്ന് അഗസ്ത്യവനത്തിലേക്കോ നെയ്യാർ വനമേഖലയിലേക്കോ അരിക്കൊമ്പൻ നീങ്ങുന്നുണ്ടോ എന്നതിന്റെ പേരിലും സംശയങ്ങൾ ഉയർന്നു. അരിക്കൊമ്പൻ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിൽ പുതിയ തർക്കവിഷയമാകാതിരിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 

English Summary: Madras HighCourt Rejects Plea on Arikomban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com