ADVERTISEMENT

ന്യൂഡല്‍ഹി∙ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍നിന്ന് വി.ഡി. സവര്‍ക്കറുടെയും കെ.ബി. ഹെഡ്‌ഗേവാറിന്റെയും പാഠങ്ങള്‍ നീക്കം ചെയ്തതില്‍ ശിവസേനയുടെ നിലപാടിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ശിവസേനയുടെ പ്രത്യയശാസ്ത്രം എവിടെപ്പോയെന്നും എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും ഉദ്ധവ് താക്കറെയോടു ഫഡ്‌നവിസ് ചോദിച്ചു. 

Read Also: ‘അരിക്കൊമ്പനു തീറ്റയും വെള്ളവുമുണ്ട്’; കേരളത്തിന് കൈമാറണമെന്ന റെബേക്കയുടെ ഹർജി തള്ളി

‘‘പാഠപുസ്തകങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് ആരുടെ പേരു വേണമെങ്കിലും മായ്ച്ചു കളയാനാകും. എന്നാല്‍ ഹൃദയങ്ങളില്‍നിന്നു മായ്ക്കാനാവില്ല. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സംഭാവന നല്‍കിയവരുടെ പേരുകള്‍ നിങ്ങള്‍ക്ക് ഒഴിവാക്കാനാവില്ല. മഹാവികാസ് അഘാഡിയില്‍ കോണ്‍ഗ്രസിനൊപ്പം തോളോടു തോള്‍ ചേര്‍ന്നിരിക്കുന്ന ശിവസേനയുടെ നിലപാട് എന്താണെന്നാണ് ഉദ്ധവ് താക്കറെയോടു ചോദിക്കാനുള്ളത്. അധികാരത്തിനു വേണ്ടി ന്യൂനപക്ഷപ്രീണനം നടത്തുന്ന നിലപാട് ശിവസേന അംഗീകരിക്കുന്നുണ്ടോ. സവര്‍ക്കറെ അപാനിക്കുന്നത് നിങ്ങള്‍ക്കു സ്വീകാര്യമാണോ. അതോ അധികാരത്തിനായുള്ള ധാരണ മാത്രമാണോ ഇത്?’’ - ഫഡ്‌നാവിസ് ചോദിച്ചു. 

നിങ്ങള്‍ ആരുടെ മടിയിലാണോ ഇരിക്കുന്നത്, അവര്‍ സവര്‍ക്കറെ മായ്ക്കുകയും മതപരിവര്‍ത്തനത്തെ അനുകൂലിക്കുകയുമാണ്. ഇക്കാര്യത്തില്‍ എന്താണു താങ്കളുടെ കൃത്യമായ നിലപാടെന്ന് പറയണം. ഇത്തരം വിട്ടുവീഴ്ചകള്‍ അധികാരത്തിനു വേണ്ടിയാണോ എന്നും വ്യക്തമാക്കണം - ഫഡ്‌നവിസ് പറഞ്ഞു. 

Read Also: കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ നാട്ടുകാർ തിരിച്ചെത്തിച്ചു; ദിവസങ്ങൾക്കുള്ളിൽ ഭർത്താവിനെ കൊന്ന് യുവതി

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാറിന്റെയും സവര്‍ക്കറുടെയും പാഠഭാഗങ്ങള്‍ 6 മുതല്‍ 10 വരെയുള്ള പുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പകരം അംബേദ്കറെ കുറിച്ചുള്ള കവിത, മുന്‍പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകള്‍ തുടങ്ങി ബിജെപി സര്‍ക്കാര്‍ ഒഴിവാക്കിയ പാഠങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തും. സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായന നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഇതിനു പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ബിജെപി കൊണ്ടുവന്ന മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ നിയമം പിന്‍വലിക്കാനും കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു.

നിർബന്ധിത മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നവർക്ക് 3–10 വർഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്ന നിയമം 2022 സെപ്റ്റംബറിലാണു നിലവിൽ വന്നത്. ഈ നിയമവും സംസ്ഥാനത്തു നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയവും പിൻവലിക്കുമെന്നു കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉറപ്പുനൽകിയിരുന്നു.

English Summary: "Where's Your Ideology Now?" Devendra Fadnavis Takes On Uddhav Thackeray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com