ബിപോര്‍ജോയ്: ഗുജറാത്തിൽ ഒരാൾക്ക് പോലും ജീവൻ നഷ്ടമായില്ലെന്ന് അമിത് ഷാ
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ യോജിച്ച പ്രവർത്തനത്താലാണ്, ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെടാതിരുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വൈദ്യുതിബന്ധം നഷ്ടമായ ഗ്രാമങ്ങളിലെല്ലാം 20നകം വൈദ്യുതി പുനഃസ്ഥാപിക്കും. ദുരിതബാധിതർക്ക് അർഹമായ സാമ്പത്തിക സഹായം പ്രഖ്യാപിക്കും. കനത്ത കാറ്റിൽ 47 പേർക്ക് പരുക്കേറ്റിരുന്നു. ഇവരിൽ ആരുടേയും നില ഗുരുതരമല്ല. 234 മൃഗങ്ങൾ ചത്തതായും അദ്ദേഹം പറഞ്ഞു.
നിലവിൽ ബിപോർജോയ് ചുഴലിക്കാറ്റ് രാജസ്ഥാൻ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ശരാശരി 70 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. ഞായറാഴ്ചയും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബാർമർ, ജയ്സാൽമിർ ഉൾപ്പെടെ രാജസ്ഥാന്റെ തെക്കുപടിഞ്ഞാറുള്ള ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദമായി മാറുന്ന ബിപോർജോയ് 12 മണിക്കൂറിനകം ദുർബലമാകുമെന്നാണ് വിലയിരുത്തൽ
ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഡൽഹിയിൽ മഴ പെയ്തിരുന്നു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ദുർബലമായെങ്കിലും ജാഗ്രതാ നിർദേശം തുടരുകയാണ്. അസം, അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും മഴയും മഴക്കെടുതിയും രൂക്ഷമാണ്.
English Summary: Amit Shah about Biparjoy Cyclone