‘ബിപോര്‍ജോയ്' രാജസ്ഥാനിലേക്ക്; കെട്ടിടങ്ങൾക്ക് കേടുപാടുകൾ, കനത്ത മഴയ്ക്ക് സാധ്യത
Mail This Article
ജയ്പുർ∙ ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാന്‍ ലക്ഷ്യമാക്കി നീങ്ങുന്നു. കാറ്റിന്‍റെ വേഗത ശരാശരി 70 കിലോമീറ്ററാണ്. ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. ബാര്‍മര്‍, ജയ്‌സാല്‍മിര്‍ ഉള്‍പ്പെടെ രാജസ്ഥാന്‍റെ തെക്കുപടിഞ്ഞാറുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ ഡല്‍ഹിയില്‍ ഇന്നലെ വൈകിട്ട് മഴ പെയ്തു.
രാജസ്ഥാനിൽ ബിപോർജോയിക്ക് മുന്നോടിയായുള്ള ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. വാർത്ത ഏജൻസിയായ എഎൻഐ പുറത്തുവിട്ട വിഡിയോയിൽ, ശക്തമായ കാറ്റിൽ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്നു ജനൽച്ചില്ലുകൾ തകർന്നു താഴേക്കു വീഴുകയും താഴെക്കിടന്നിരുന്ന കാറിനുൾപ്പെടെ നാശനഷ്ടം സംഭവിക്കുന്നതും കാണാം.
അറബിക്കടലിൽ രൂപംകൊണ്ട് ഗുജറാത്ത് തീരത്ത് കരതൊട്ട ബിപോർജോയ് ചുഴലിക്കാറ്റ് കച്ച് – സൗരാഷ്ട്ര മേഖലയിൽ വൻ നാശനഷ്ടമാണ് വിതച്ചത്. 5120 വൈദ്യുത പോസ്റ്റുകൾ കാറ്റിൽ മറിഞ്ഞുവീണതോടെ 4600 ഗ്രാമങ്ങളിൽ വൈദ്യുതി മുടങ്ങി. സംസ്ഥാനത്ത് ചുഴലിക്കാറ്റു മൂലം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, 23 പേർക്കു പരുക്കേറ്റു. മണിക്കൂറിൽ 140 കിലോമീറ്റർ ശരാശരി വേഗത്തിലാണു വ്യാഴാഴ്ച ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടത്. എന്നാൽ പിന്നീട് തീവ്രത കുറഞ്ഞു.
അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ദുർബലമായെങ്കിലും ജാഗ്രതാ നിർദേശം തുടരുന്നു. അസം, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും മഴയും മഴക്കെടുതിയും രൂക്ഷമാണ്.
English Summary: Cyclone Biparjoy: Strong winds damage cars, buildings in Rajasthan