അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റൂ: മണിപ്പുർ വിഷയത്തിൽ പരിഹാസവുമായി സുബ്രഹ്മണ്യൻ സ്വാമി
Mail This Article
ചെന്നൈ∙ വംശീയകലാപം ആളിക്കത്തുന്ന മണിപ്പുരിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. മണിപ്പുരിലെ ബിജെപി സർക്കാരിനെ പുറത്താക്കി അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം മണിപ്പുരിലെ ബിജെപി സർക്കാരിനെ പുറത്താക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.
കലാപം രൂക്ഷമായ മണിപ്പുരിൽ ബിജെപി നേതാക്കളെ ഉന്നമിട്ട് ഇംഫാൽ താഴ്‌വരയിൽ വ്യാപക അക്രമമാണ് നടക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് എ.ശാരദാദേവിയുടെ വീട് ആക്രമിക്കാനും ബിരേൻ സിങ് സർക്കാരിലെ രണ്ടാമനായ മന്ത്രി തോങ്ങം ബിശ്വജിതിന്റെ വീടിനു തീയിടാനും ശ്രമമുണ്ടായി. ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തിയ മുന്നൂറിലേറെപ്പേരെ സൈന്യം തടഞ്ഞു. ഇംഫാൽ പാലസ് കോംപൗണ്ടിൽ തടിച്ചുകൂടിയ ആയിരത്തോളം പേർക്കു നേരെ ദ്രുതകർമസേന റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു; 2 പേർക്കു പരുക്കേറ്റു.
ഇംഫാലിൽ രാത്രി ഒൻപതരയോടെ നൂറുകണക്കിനു മെയ്തെയ് വനിതകൾ മനുഷ്യച്ചങ്ങല തീർത്തു.ഒന്നിലധികം പൊലീസ് സ്റ്റേഷനുകളിൽ തോക്കുകൾ തട്ടിയെടുക്കാനെത്തിയ ആൾക്കൂട്ടത്തെ ദ്രുതകർമസേന തുരത്തി. സൈന്യവും അസം റൈഫിൾസും ദ്രുതകർമസേനയും ചേർന്ന് ഇംഫാലിൽ ഫ്ലാഗ് മാർച്ച് നടത്തി. ബിഷ്ണുപുർ, ചുരാചന്ദ്പുർ ജില്ലകളിൽ യന്ത്രത്തോക്കുകൾ ഉപയോഗിച്ചുള്ള വെടിവയ്പ് നടന്നതായി സേനാ വൃത്തങ്ങൾ പറഞ്ഞു. പൊലീസിൽനിന്നു തട്ടിയെടുത്ത മൂവായിരത്തോളം തോക്കുകൾ ഇപ്പോഴും മെയ്തെയ് വിഭാഗത്തിന്റെ കൈവശമുണ്ട്. കുക്കി തീവ്രസംഘടനകൾക്കെതിരെ സൈന്യവും അസം റൈഫിൾസും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇംഫാൽ താഴ്‌വരയിലെ മെയ്തെയ് വിഭാഗക്കാർ ബിജെപി നേതാക്കളുടെ വീടുകൾ ആക്രമിക്കുന്നത്.
English Summary: Subramanian Swamy takes jibe at Amit Shah