ബ്രിട്ടിഷ് എയർവേസ് വിമാനം 30,000 അടി ഉയരെ ആകാശച്ചുഴിയിൽപ്പെട്ടു; ജീവനക്കാരന് ഗുരുതര പരുക്ക്
Mail This Article
ലണ്ടൻ∙ ബ്രിട്ടിഷ് എയർവേസ് വിമാനം പ്രതികൂല കാലാവസ്ഥയിൽ കുലുങ്ങി വിമാന ജീവനക്കാരന് പരുക്ക്. സിംഗപ്പുരിൽനിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന വിമാനമാണ് ബംഗാൾ ഉൾക്കടലിനു 30,000 അടി മുകളിൽവച്ച് ആകാശച്ചുഴിയിൽപ്പെട്ട് കുലുങ്ങിയത്. അപകടത്തിൽ അഞ്ച് വിമാന ജീവനക്കാർക്കു പരുക്കേറ്റു. ഇതിൽ ഒരാളെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകടത്തിൽ കാലിനു ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെയാണ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. മറ്റൊരാളുടെ കാൽക്കുഴ തെറ്റിയതായും ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി 11.16നാണ് വിമാനം സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ആറിനാണ് വിമാനം ഹീത്രൂ വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്നത്. എന്നാൽ യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ട് വിമാനം വന്‍തോതിൽ കുലുങ്ങിയതോടെ വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെ സിംഗപ്പുരിൽ തന്നെ ഇറക്കുകയായിരുന്നു. ഏതാണ്ട് മൂന്നു മണിക്കൂറോളം സമയം വിമാനം ആകാശത്ത് ചുറ്റിക്കറങ്ങിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബ്രിട്ടിഷ് എയർവേസ് എക്കാലവും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന്, അപകടത്തിനു പിന്നാലെ അവരുടെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. മുൻകരുതലെന്ന നിലയ്ക്കാണ് വിമാനം സിംഗപ്പുരിൽത്തന്നെ ഇറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെ തുടർന്ന് വിമാനം വൈകിയതിൽ യാത്രക്കാരോട് ക്ഷമാപണം നടത്തി. തിരിച്ചിറങ്ങിയ യാത്രക്കാർക്കെല്ലാം ഹോട്ടലിൽ താമസം ഒരുക്കി. യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തി. ബ്രിട്ടിഷ് എയർവേസിന്റെയും മറ്റു കമ്പനികളുടെയും വിമാനങ്ങളിൽ യാത്രക്കാരെ എത്തിക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്നും വക്താവ് വ്യക്തമാക്കി.
English Summary: Cabin Crew Needed Surgery After Severe Turbulence Hits Flight From Singapore To London