വിസ്താരത്തിനിടെ പ്രകോപിതനായി; തിരുവല്ല കുടുംബ കോടതിയില്‍ ജഡ്ജിയുടെ കാര്‍ അടിച്ചുതകര്‍ത്തു
Mail This Article
പത്തനംതിട്ട∙ തിരുവല്ല കുടുംബ കോടതിയിൽ വിസ്താരത്തിനിടെ പ്രകോപിതനായയാൾ ബഹളം വയ്ക്കുകയും പുറത്തിറങ്ങി ജഡ്ജിയുടെ ഔദ്യോഗിക വാഹനം തല്ലിത്തകർക്കുകയും ചെയ്തു. ജഡ്ജി ജി.ആർ.ബിൽകുലിന്റെ കാറാണ് തകർത്തത്. മംഗലാപുരം ശിവഗിരി നഗറിൽ അതുല്യ സാഗറിൽ താമസിക്കുന്ന മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇ.പി.ജയപ്രകാശ് (53) ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. ജഡ്ജി വിസ്തരിക്കുന്നതിനിടെ പല പ്രാവശ്യം ഇയാൾ പ്രകോപിതനായതായി കോടതി ജീവനക്കാർ പറഞ്ഞു. തുടർന്ന് വെളിയിലിറങ്ങി കടയിൽനിന്നു മൺവെട്ടി വാങ്ങിക്കൊണ്ടുവന്ന് കോടതിയുടെ മുൻപിൽ ഇട്ടിരുന്ന കാറിന്റെ ചില്ലുകളെല്ലാം അടിച്ചു തകർക്കുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ബി.കെ.സുനിൽകൃഷ്ണന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്.
നേരത്തേ, പത്തനംതിട്ട കുടുംബ കോടതിയിലാണ് ഇയാളുടെ കേസ് ഉണ്ടായിരുന്നത്. ഹൈക്കോടതിയിൽനിന്നു പ്രത്യേക അനുമതി വാങ്ങി ഫെബ്രുവരി 21ന് കേസ് തിരുവല്ല കുടുംബ കോടതിയിലേക്കു മാറ്റി. സ്വയം കേസ് വാദിക്കുന്നതാണ് ഇയാളുടെ രീതി. വിവാഹമോചനം, ഭാര്യയ്ക്ക് ജീവനാംശം നൽകൽ, സ്ത്രീധനം തിരികെ നൽകുക തുടങ്ങിയ വിവിധ കേസുകൾ ഇയാൾക്കെതിരെയുണ്ട്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാളുടെ ഭാര്യ അടൂർ കടമ്പനാട് സ്വദേശിനിയാണ്.
English Summary: Judge's car vandalized at Tiruvalla Family Court