ADVERTISEMENT

കോഴിക്കോട്∙ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ അഗളിയിൽ എത്തിച്ചു. കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എത്തിച്ച വിദ്യയെ, രാത്രി പന്ത്രണ്ടരയോടെയാണ് അഗളി ഡിവൈ.എസ്.പി. ഓഫീസിൽ എത്തിച്ചത്. രാവിലെ വിശദമായി ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ.വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

സംശയ നിവാരണത്തിന് അട്ടപ്പാടി കോളജ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്നു മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂൺ 6ന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.

ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു വിദ്യ 2 സർട്ടിഫിക്കറ്റുകൾ ഹാജരാക്കി. 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയിൽ പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർഥിയായിരുന്നു.

ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്. മഹാരാജാസ് മലയാള വിഭാഗത്തിൽ 10 വർഷമായി ഗെസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല. മുൻപ് പാലക്കാട്ടും കാസർകോട് കരിന്തളത്തുമുള്ള 2 ഗവ. കോളജുകളിൽ വിദ്യ ഗെസ്റ്റ് ലക്ചററായിരുന്നു. കരിന്തളം കോളജ് പ്രിൻസിപ്പലിന്റെ പരാതിയിലും വിദ്യയ്‌ക്കതിരെ കേസെടുത്തിട്ടുണ്ട്.

English Summary: K Vidya under Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com