‘ടൈറ്റൻ യാത്രയ്ക്ക് സുലൈമാന്‍ ഭയമായിരുന്നു; എല്ലാം പ്രിയപിതാവിന്റെ സന്തോഷത്തിന്’; നോവായി 19കാരൻ
Mail This Article
കറാച്ചി∙ അറ്റ്ലാന്റിക് സമുദ്രത്തിൽ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം തകർന്ന് പിതാവ് ശതകോടീശ്വരനായ ഷഹ്സാദ ദാവൂദിനൊപ്പം മരിച്ച സുലൈമാൻ ദാവൂദ് എന്ന പത്തൊൻപതുകാരൻ യാത്ര പോകുന്നതിന് ദിവസങ്ങൾക്കു മുൻപ് എതിർപ്പു പ്രകടിപ്പിച്ചിരുന്നതായി ബന്ധു. പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദിന്റെ മകനാണ് പത്തൊൻപതു വയസ്സുകാരനായ സുലൈമാൻ. ഗ്ലാസ്ഗോയിലെ സ്ട്രാത്ക്ലൈഡ് സർവകലാശാലയിലെ ബിസിനസ് സ്കൂളിൽ ആദ്യവർഷ വിദ്യാർഥിയായിരുന്നു. ദുരന്തത്തിൽ ഷഹ്സാദയും കൊല്ലപ്പെട്ടു.
ഷഹ്സാദയുടെ മൂത്ത സഹോദരി അസ്മേ ദാവൂദാണ് യാത്ര പോകാൻ സുലൈമാനു ഭയമായിരുന്നെന്ന് വെളിപ്പെടുത്തിയത്. ‘‘യാത്രയ്ക്കായി സുലൈമാന്‍ പൂര്‍ണമായും തയാറായിരുന്നില്ല. യാത്രയെക്കുറിച്ച് ഉള്ളില്‍ ഭയമുണ്ടായിരുന്നു. എന്നാൽ ഫാദേഴ്‌സ് ഡേ കൂടിയായതിനാല്‍ സാഹസികതയില്‍ ഏറെ അഭിനിവേശമുള്ള തന്റെ പ്രിയപ്പെട്ട പിതാവിനെ സന്തോഷിപ്പിക്കാനാണ് സുലൈമാന്‍ ടൈറ്റന്‍ സമുദ്രപേടകത്തിൽ കയറുന്നത്. ടൈറ്റാനിക്കിനോടും സമുദ്ര പര്യവേഷണങ്ങളോടുമുള്ള അച്ഛന്‍റെ അടങ്ങാത്ത അഭിനിവേശമാണ് ഇരുവരെയും ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രയിലേക്ക് നയിക്കുന്നത്.’’– അസ്മേ ദാവൂദ് പറഞ്ഞു.
‘എന്റെ ഹൃദയം തകർന്നിരിക്കുന്നു. ലോകം മുഴുവൻ ഇത്രയധികം മാനസിക സംഘർഷത്തിലൂടെയും ആകാംക്ഷയിലൂടെയും കടന്നുപോകേണ്ടി വന്നതിൽ എനിക്ക് വളരെ വിഷമം തോന്നുന്നു.’’– രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സുലൈമാന്റെ മാതൃസഹോദരി പറഞ്ഞു. ഒരു ദുഃസ്വപ്നത്തിൽ അകപ്പെട്ടതു പോലെയാണ് താനെന്നും അവരെക്കുറിച്ച് ചിന്തിക്കുന്ന ഓരോ നിമിഷവും തന്റെ ശ്വാസം നിലയ്ക്കുന്നതുപോലെയാണ് അനുഭവപ്പെടന്നതും അവർ പറഞ്ഞു. ടൈറ്റനില്‍ സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് കൂപ്പുകുത്തിയ അഞ്ചു യാത്രക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് സുലൈമാൻ ദാവൂദ്.
തിരച്ചിൽ നടത്തി വിക്ടർ 6000 റോബട്ടാണ് സമുദ്രോപരിതലത്തിൽനിന്നു നാലു കിലോമീറ്റർ താഴെ ‘ടൈറ്റൻ’ എന്ന സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ പേടകത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരിച്ചതായി പേടകത്തിന്റെ ഉടമകളായ ഓഷൻ ഗേറ്റ് എക്സ്പെഡിഷൻസ് കമ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരെ കൂടാതെ ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്.
കാനഡ, യുഎസ്, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബട്ടുകളും അഞ്ചാംദിവസവും തിരച്ചിലിൽ ഏർപ്പെട്ടിരുന്നു. കനേഡിയൻ കപ്പലിൽ നിന്നിറക്കിയ റോബട്ടും അടിത്തട്ടിലെത്തിയിരുന്നു. ഇതിനു പുറമേ, ജൂലിയറ്റ് എന്ന സമുദ്രപേടകം കൂടി ഇന്നലെ ഇറക്കി. 1912ൽ മഞ്ഞുമലയിൽ ഇടിച്ചു തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 യാത്രക്കാരുമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലിറങ്ങിയ ഓഷൻഗേറ്റ് ടൈറ്റൻ പേടകത്തെ ഞായറാഴ്ചയാണ് മാതൃകപ്പലായ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെട്ട് കാണാതായത്.
അതേസമയം, മരിച്ച ഷഹ്സാദ ദാവൂദ് 2019ൽ ഒരു വിമാനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ഷഹ്‌സാദ സഞ്ചരിച്ചിരുന്ന വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടു. ഭാര്യയും ഒപ്പം യാത്ര ചെയ്തിരുന്നു. പിന്നീട് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.
English Summary: Pak Billionaire's Son Didn't Want To Go On Titanic Sub, Aunt Says