കായംകുളം എംഎസ്എം കോളജിനെതിരെ നടപടിക്ക് കേരള സര്‍വകലാശാല
Mail This Article
തിരുവനന്തപുരം∙ കായംകുളം എംഎസ്എം കോളജിലെ എംകോം ഡിഗ്രി റദ്ദു ചെയ്യുന്നത് കേരള സര്‍വകലാശാലയുടെ പരിഗണനയില്‍. എസ്എഫ്ഐ നേതാവിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി എംകോം പ്രവേശനം നല്‍കിയതില്‍ കായംകുളം എംഎസ്എം കോളജിനോട് വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ കേരള സര്‍വകലാശാല രേഖാമൂലം നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് കോളജിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കും.
എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ രേഖയുടെ അടിസ്ഥാനത്തില്‍ എംകോമിന് പ്രവേശനം നല്‍കിയ കായംകുളം എംഎസ്എം കോളജിനെതിരെ ശക്തമായ നടപടിയാണ് കേരള സര്‍വകലാശാല ആലോചിക്കുന്നത്. കോളജിലെ എംകോം കോഴ്സ് നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെ പരിഗണനയിലാണ്. അടുത്ത സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എംഎസ്എം കോളജ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് കേരള സര്‍വകലാശാല.
അതേ കോളജില്‍ പഠിച്ച് ബികോമിന് തോറ്റ നിഖില്‍ മറ്റൊരു സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി വന്നപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ല എന്ന വിശദീകരണം ബാലിശമാണ്. വകുപ്പു മേധാവിയും പ്രിന്‍സിപ്പലും വിരമിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നതും അംഗീകരിക്കില്ല. 2017 മുതല്‍ 2022 വരെ കോളജില്‍ ജോലിചെയ്ത എല്ലാ അധ്യാപകരുടെയും വിവരങ്ങള്‍ റജിസ്ട്രാര്‍ ആവശ്യപ്പെട്ടു. അഡ്മിഷന്‍ കമ്മറ്റിയുടെ വിശദാംശങ്ങളും ചോദിച്ചിട്ടുണ്ട്.
English Summary: Kerala university to take action against Kayamkulam MSM college