നഡ്ഡ പങ്കെടുത്ത ചടങ്ങിൽ വേദിയിൽ ഇടമില്ല; അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാർ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാർ. കവടിയാർ ഉദയ് പാലസിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭയിൽ തനിക്കു വേദിയിൽ ഇടം നൽകിയില്ലെന്ന് കൃഷ്ണകുമാർ കുറ്റപ്പെടുത്തി. പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണ കുമാർ, പരിപാടി തീരും മുൻപു തന്നെ മടങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്.
അതേസമയം, തർക്കങ്ങളുണ്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍.
‘‘നമ്മുടെ സമയം നമ്മെ അർഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണു യോഗം. ഞാൻ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയിൽ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണു ഞാൻ തന്നെ ഓർക്കുന്നത്. ഇടയ്ക്കു രണ്ടു പേർ വേദിയിൽനിന്ന് ഇറങ്ങിവന്ന് എന്നോടു വേദിയിൽ വന്ന് ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഈ ഇരിപ്പിടത്തിൽ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും പറഞ്ഞ് ക്ഷണം നിരസിച്ചു’’ – കൃഷ്ണകുമാർ പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ലെന്നും കൃഷ്ണകുമാർ ആരോപിച്ചു. പാർട്ടി നേതൃത്വവുമായുള്ള ആശയവിനിമയം വേണ്ട തോതിൽ നടക്കുന്നില്ലെന്നാണു പരാതി. നേതാക്കൾക്ക് അവരുടേതായ തിരക്കുകളുള്ളതു കൊണ്ടാകും തന്നേപ്പോലുള്ളവർ വിളിച്ചാൽ കിട്ടാത്തതെന്നും കൃഷ്ണകുമാർ മനോരമ ന്യൂസിനോടു പറഞ്ഞു. ബിജെപി ദേശീയ കൗൺസിൽ അംഗമാണ് കൃഷ്ണകുമാർ.
അതേസമയം, ബിജെപിയുടെ സംസ്ഥാന ഭാരവാഹികൾ ആരും തന്നെ കൃഷ്ണകുമാറിനെ പരിപാടിയിലേക്കു ക്ഷണിച്ചിരുന്നില്ലെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് കൃഷ്ണകുമാറിനോട് പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ചടങ്ങിനായി എത്തിയത്. സദസിന്റെ മുൻനിരയിൽ ഇരുന്ന അദ്ദേഹം പരിപാടി തീരും മുൻപേ മടങ്ങുകയും ചെയ്തു.
ബിജെപിയിൽ കലാകാരൻമാർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന വിമർശനവുമായി സംവിധായകരായ രാജസേനൻ, രാമസിംഹൻ (അലി അക്ബർ), നടൻ ഭീമൻ രഘു എന്നിവർ പലപ്പോഴായി പാർട്ടി വിട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബിജെപിക്ക് താരത്തിളക്കം നൽകി മത്സര രംഗത്തുണ്ടായിരുന്നവരാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനമുയർത്തി പാർട്ടി വിട്ടത്. ഇതിനു പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാറും രംഗത്തെത്തിയത്.
അതേസമയം, ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് ജെ.പി.നഡ്ഡയുടെ വരവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. തിരുവനന്തപുരത്ത് എത്തുന്ന നഡ്ഡ നേതാക്കളുടെ കൊഴിഞ്ഞുപോക്കും സംഘടനാതലത്തിലെ പ്രശ്നങ്ങളും അടക്കമുള്ള വിഷയങ്ങളില്‍ വിശദാംശങ്ങള്‍ തേടുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെയാണ്, വേദിയിൽ ഇടം ലഭിക്കാത്തതിലുള്ള അതൃപ്തി നടൻ കൃഷ്ണകുമാർ തുറന്നു പറഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയം.
English Summary: Actor Krishnakumar Criticises BJP State Leadership