ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വൈ.അനിൽകാന്ത് വെള്ളിയാഴ്ച വിരമിക്കും. 2021 ജൂണ്‍ 30 മുതല്‍ രണ്ടു വര്‍ഷമാണ് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. അനില്‍ കാന്തിന് പൊലീസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് വെള്ളിയാഴ്ച രാവിലെ 7.45ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും. കേരളാ പൊലീസിന്‍റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് വെളളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൊലീസ് ആസ്ഥാനത്ത് ചേരും.

1962 ജനുവരി അഞ്ചിന് ഡല്‍ഹിയിലാണ് അനിൽകാന്ത് ജനിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി.1988 ബാച്ചിലെ ഐപിഎസ് ഓഫിസറാണ് അദ്ദേഹം. കേരള കേഡറിൽ എഎസ്പി ആയി വയനാട് സർവീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി പ്രവർത്തിച്ചു. തുടർന്ന് ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. മടങ്ങി എത്തിയ ശേഷം  കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്പി ആയും പ്രവർത്തിച്ചു. 

സ്‌പെഷൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡിഐജി ആയും സ്‍‌പെഷൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐജി ആയും പ്രവർത്തിച്ചു. ഇടക്കാലത്ത് അഡിഷൺ എക്‌സൈസ് കമ്മിഷണർ ആയിരുന്നു.  എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ്  കൺസ്‌ട്രക്‌ഷൻ കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ്ം ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എഡിജിപി ആയും പ്രവർത്തിച്ചു. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പൊലീസ് ആസ്ഥാനം, സൗത്ത് സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എഡിജിപി ആയും ജോലി നോക്കി.  ജയിൽമേധാവി, വിജിലൻസ് ആൻഡ് ആന്റി കറപ്‍‌ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മിഷണർ എന്നീ തസ്‌തികകളും വഹിച്ചിട്ടുണ്ട്. വിശിഷ്‌ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. 

സർവീസിൽ നിന്നു വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് ആശംസർപ്പിച്ച് ‘നെക്‌സ്റ്റ് ജേണി റൺ’ കൂട്ടയോട്ടം സംഘടിപ്പിച്ചു. അനിൽകാന്തിനൊപ്പം ഉന്നതപൊലീസ് ഉദ്യോഗസ്ഥരും കൂട്ടയോട്ടത്തിന്റെ ഭാഗമായി. പൊലീസ് ഹെഡ്‌ക്വാർട്ടേഴ്‌സിനു മുന്നിൽ നിന്ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വരെയായിരുന്നു നെക്‌സ്റ്റ് ജേണി റൺ. എസ്എപിയിലെ രണ്ടു പ്ലറ്റൂൺ പൊലീസ് ഉദ്യോഗസ്ഥരും കൂട്ടയോട്ടത്തിന്റെ ഭാഗമായി. പൊലീസിലെ സ്‌പോർട്സ് താരങ്ങളും 100 സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളും ഓട്ടത്തിന്റെ ഭാഗമായി. 

English Summary: Next Journey Run for DGP Anilkanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com