മലപ്പുറത്ത് ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം തടഞ്ഞു വച്ചെന്നു പരാതി; കേസ്
Mail This Article
മലപ്പുറം∙ ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞു വച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പരാതി നൽകിയത്. ഹഫീഫയെ കുടുംബം തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്‍ സ്റ്റോപ്പ് സെന്‍ററില്‍ നിന്നുളളവരും മറ്റു സംഘടനകളും പ്രശ്നത്തിൽ ഇടപെട്ടത്. ഇവര്‍ക്കാപ്പം പങ്കാളിയെ കാണാനായി ഹഫീഫ കാറില്‍ കയറുന്നത് പിതാവും മാതാവും അടക്കമുളള കുടുംബം തടഞ്ഞുവെന്നതിന്‍റെ ദൃശ്യങ്ങള്‍ സഹിതമുളള പരാതിയാണ് പൊലീസിന് കൈമാറിയത്. കൊണ്ടോട്ടി പൊലീസ് കേസെടുത്തതിനൊപ്പം ഹഫീഫയുടെ കുടുംബത്തോട് സ്റ്റേഷനിൽ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹഫീഫയെ കുടുംബം തടഞ്ഞു വച്ചിരിക്കുകയാണന്ന് ആരോപിച്ച് സുമയ്യ ഷരീഫ് ഹേബിയര്‍ കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പിന്തുണയോടെയാണ് തടവില്‍ വച്ചതെന്നും പരാതിയിലുണ്ടായിരുന്നു.
കഴിഞ്ഞ 19ന് കോടതിയില്‍ ഹാജരായ ഹഫീഫ കുടുംബത്തോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്‍റെ ഭീഷണിക്കു വഴങ്ങിയാണ് കോടതിയില്‍ മൊഴി മാറ്റി നല്‍കിയതെന്ന വാദമാണ് സുമയ്യ ഷെരീഫും സുഹൃത്തുക്കളും ഉന്നയിക്കുന്നത്.
English Summary: Lesbian Partner Is Held Captive By Her Family, Says Woman