ADVERTISEMENT

ചെന്നൈ ∙ ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത വി.സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു നീക്കിയതായി ഗവർണർ ആർ.എൻ.രവി അറിയിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ചര്‍ച്ച നടത്താതെയാണ് ഗവര്‍ണര്‍ അപൂര്‍വനീക്കം നടത്തിയത്. ഇതോടെ തമിഴ്നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. മന്ത്രിയെ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അറിയിച്ചു.

കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങൾ നേരിടുന്നയാൾ മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നും തമിഴ്നാട് രാജ്ഭവന്റെ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ വകുപ്പില്ലാ മന്ത്രിയായി തമിഴ്നാട് മന്ത്രിസഭയിൽ തുടരുകയായിരുന്നു സെന്തിൽ ബാലാജി. 

സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടിയിരുന്നു. വിഡിയോ കോൺഫറൻസ് വഴിയാണു ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ബാലാജിയെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്ക് മുന്നിൽ ഇന്നലെ ഹാജരാക്കിയത്. മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജഡ്ജി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ജൂൺ 13 നാണു മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2013–14ൽ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, എൻജിനീയർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്നാണു സെന്തിൽ ബാലാജിക്കെതിരായ കേസ്. കഴിഞ്ഞമാസം, മന്ത്രിയുമായി ബന്ധമുളള സ്ഥാപനങ്ങളിലും സഹോദരന്റേതടക്കമുള്ള വീടുകളിലും ആദായ നികുതി വകുപ്പ് എട്ടുദിവസം തുടർച്ചയായി പരിശോധന നടത്തിയിരുന്നു. ബാലാജിയുടെ ബാങ്ക് അക്കൗണ്ടിലെ 1.34 കോടി രൂപയും ഭാര്യയുടെ അക്കൗണ്ടിലെ 29.55 ലക്ഷം രൂപയും രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് റിപ്പോർട്ടും നൽകിയിരുന്നു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന ഗവർണർ ആർ.എൻ.രവിയുടെ ശുപാർശ ഡിഎംകെ സർക്കാർ തള്ളിയിരുന്നു. സെന്തിൽ വകുപ്പില്ലാ മന്ത്രിയായി തുടരുമെന്ന ഔദ്യോഗിക അറിയിപ്പും പുറത്തിറക്കി. ഇതിനു പിന്നാലെയാണ് ഗവർണറുടെ നടപടി. 

English Summary: Tamil Nadu Governor Dismisses Jailed Minister On His Own In Rare Move

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com