‘സർ, മുജേ ബചാവോ..’: ‘കോടീശ്വരൻ’ ബുർഷു സ്റ്റേഷനിലേക്ക് ഓടിക്കയറി; കരുതലായി പൊലീസ്
Mail This Article
തിരുവനന്തപുരം∙ ഒരു കോടി രൂപയുടെ ‘ഭാഗ്യവാന്’ സുരക്ഷ ഒരുക്കി കേരള പൊലീസ്. ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ച ബംഗാൾ സ്വദേശിക്കാണ് തമ്പാനൂർ പൊലീസ് വേണ്ട സുരക്ഷ നൽകി, ലോട്ടറി ടിക്കറ്റ് ബാങ്കിൽ സുരക്ഷിതമായ ഏൽപിക്കുകയും ചെയ്തു. കേരള പൊലീസിന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് വിവരം പുറത്തെത്തിയത്.
കേരള പൊലീസിന്റെ ഫെയ്സ്ബുക് പോസ്റ്റ്:
ഒരു കോടിയുടെ ഭാഗ്യത്തിന് പോലീസ് കരുതൽ..
‘സർ, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് ബംഗാൾ സ്വദേശിയായ ബിർഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോൾ ബിർഷു കീശയിൽനിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് നൽകി. ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്.
തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽനിന്നും ബിർഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്.
ബമ്പറടിച്ചത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിർഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം. ബിർഷു പറഞ്ഞത് മുഴുവൻ കേട്ട തമ്പാനൂർ എസ്എച്ച്ഒ പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി.
ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുംവരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്താക്കി കളയരുതെന്ന ഉപദേശം നൽകി, സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിർഷുവിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്.
English Summary: Police provide security to migrant labourer who seek help after winning lottery