‘അടുത്തതവണ രക്ഷപ്പെടില്ല; ചന്ദ്രശേഖർ ആസാദിനെ വധിക്കും’; രണ്ടുപേർ അറസ്റ്റിൽ
Mail This Article
അമേഠി∙ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അടുത്ത തവണ വധിക്കുമെന്ന് ഫെയ്സ്ബുക് പോസ്റ്റ്. ക്ഷത്രിയ ഓഫ് അമേഠി എന്ന ഫെയ്സ്ബുക് പേജിലാണ് ആസാദിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് അമേഠി പൊലീസ് സൂപ്രണ്ട് ജി.ഇളമാരൻ പറഞ്ഞു. ഫെയ്സ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട് വിംലേഷ് സിങ് (30) എന്നയാളെ അറസ്റ്റ് ചെയ്തു.
അമേഠിയിലെ ഠാക്കൂർമാർ പകൽവെളിച്ചത്തിൽ ആസാദിനെ കൊല്ലുമെന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. വ്യാഴാഴ്ച വീണ്ടും ഇതേ പേജിൽ ‘അടുത്ത തവണ അവൻ രക്ഷപ്പെടില്ല’ എന്ന പോസ്റ്റും വന്നു. നിരപരാധികളെ കേസിൽ കുടുക്കിയാൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ വെടിവയ്പ്പിൽ വിംലേഷ് നേരിട്ട് പങ്കെടുത്തതായി തെളിവില്ലെന്നു പൊലീസ് പറഞ്ഞു.
ബുധനാഴ്ച സഹാരൻപുരിൽ കാറിൽ സഞ്ചരിക്കുമ്പോളാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റത്. അജ്ഞാതരായ ആളുകളാണ് വെടിയുതിർത്തത്. വയറിനു വെടിയേറ്റ ആസാദിനെ വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു. ഉത്തർപ്രദേശിലെ കുറ്റകൃത്യങ്ങളുടെ രക്ഷാധികാരിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാറിയിരിക്കുകയണെന്ന് ആശുപത്രി വിട്ടശേഷം ആസാദ് പറഞ്ഞു. ‘രാവൺ’ എന്ന പേരിൽ അറിയപ്പെടുന്ന ആസാദ്, യുപിയിലെ ദലിത് രാഷ്ട്രീയത്തിലെ മുൻനിര നേതാവാണ്.
English Summary: Next time he won't survive post against Bhim Army chief Chandrashekhar Azad