ADVERTISEMENT

തൃശൂർ∙ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത കേസിൽ ‘ട്വിസ്റ്റ്’. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈയിൽ’ ബ്യൂട്ടി പാർലറിന്റെ ഉടമയായ ഷീല സണ്ണിയിൽനിന്ന് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് പരിശോധനയിൽ വ്യക്തമായി. കേസിൽ അറസ്റ്റിലായ ഷീല രണ്ടര മാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് അന്ന് ഷീലയിൽനിന്ന് പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എൽഎസ്ഡി സ്റ്റാംപുമായി പിടിച്ചെന്നു വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫിസ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇവരിൽനിന്ന് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു പുറത്തു വന്നപ്പോഴാണ്, പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്. പരിശോധനാ ഫലത്തിന്റെ റിപ്പോർട്ട് മനോരമ ന്യൂസിനു ലഭിച്ചു.

ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാംപിന്റെ വിൽപനയെന്നും ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

ബ്യൂട്ടി പാർലറിൽ ലഹരി വിൽപന നടക്കുന്നതായി എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് ഇരുചക്ര വാഹനത്തിൽനിന്ന് ലഹരിമരുന്ന് സഹിതം ഷീലയെ പിടികൂടിയതെന്നായിരുന്നു എക്സൈസ് ഭാഷ്യം.

English Summary: Twist In Drug Case Against Beauty Parlour Owner In Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com