ഡോ.വന്ദനയുടെ കൊലപാതകം അന്വേഷിക്കാൻ സിബിഐ വരണം; മാതാപിതാക്കൾ ഹൈക്കോടതിയിൽ
Mail This Article
കൊച്ചി∙ കൊട്ടാരക്കരയില്‍ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം. ഇതുമായി ബന്ധപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിലവിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും സുതാര്യമായ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഡോ.വന്ദനയുടെ കുടുംബം സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സര്‍ക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം തേടി.
ഇക്കഴിഞ്ഞ മേയ് 10ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ.വന്ദന ദാസിനെ പ്രതി ജി.സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതി, സ്വമേധയാ കേസെടുത്തിരുന്നു.
ഡോ.വന്ദനയ്ക്കെതിരായ ആക്രമണത്തിൽ പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന ആരോപണം തുടക്കം മുതലേയുണ്ട്. ഇതേ ആരോപണങ്ങളുടെ പേരിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പൊലീസിനു വീഴ്ച സംഭവിച്ചുവെന്ന് ആരോപണം ഉയർന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് എന്നതിനാൽ, അന്വേഷണം ഒട്ടും തൃപ്തികരമല്ല. കേസുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം വേണം. അതിനാൽ ഈ കേസ് സിബിഐയ്ക്ക് വിടണമെന്നാണ് ആവശ്യം.
English Summary: Parents Of Dr. Vandana Das Demand CBI Inquiry In Her Death Case