ADVERTISEMENT

കൊച്ചി∙ സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. നിർമാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശ്രീനിജിനെ നാലു മണിക്കൂറോളം ചോദ്യം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ എംഎൽഎ ചോദ്യം ചെയ്യലിനു ഹാജരായത്.

സിനിമാ മേഖലയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് അടുത്തിടെ ചില നിർമാതാക്കളുടെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ശേഖരിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലാണ് പി.വി.ശ്രീനിജിൻ എംഎൽഎയെ ചോദ്യം ചെയ്യലിനായി വിളിച്ചതെന്നാണ് വിവരം.

അതേസമയം, സിനിമാ നിർമാതാവായ ആന്റോ ജോസഫിൽനിന്ന് 60 ലക്ഷം രൂപ വാങ്ങിയിരുന്നതായി ശ്രീനിജിൻ വ്യക്തമാക്കി. 2015ൽ കടമായിട്ടാണ് ഈ പണം വാങ്ങിയത്. തുടർന്ന് 2022ൽ ഈ തുക തിരികെ നൽകിയതായും ശ്രീനിജിൻ അറിയിച്ചു. ഈ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശ്രീനിജിനിൽനിന്ന് പ്രധാനമായും ചോദിച്ചറിഞ്ഞത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നൽകിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടെ ഈ സാമ്പത്തിക ഇടപാടിന്റെ കാര്യം വ്യക്തമാക്കിയിരുന്നതായി ശ്രീനിജിൻ പറയുന്നു. 

അതിനിടെ, സംസ്കാരിക സാഹിതി ചെയർമാനായി നിർമാതാവ് ആന്റോ ജോസഫിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീനിജിന്റെ എതിരാളിയായിരുന്ന കോൺഗ്രസ് നേതാവ് വി.പി.സജീന്ദ്രനാണ് ആന്റോ ജോസഫിനെതിരെ രംഗത്തെത്തിയത്. ആന്റോ ജോസഫ് തനിക്കെതിരെ പ്രവർത്തിച്ചിരുന്നതായാണ് സജീന്ദ്രൻ ആരോപിച്ചത്. ഈ ആരോപണം ആന്റോ ജോസഫ് നിഷേധിച്ചിരുന്നു.

English Summary: Income Tax department questioned P.V.Sreenijin MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com