കൈതോലപ്പായ ആരോപണം: ‘പ്രതികരിക്കാനില്ല’, മൊഴി നൽകാൻ ശക്തിധരൻ ഹാജരായി
Mail This Article
തിരുവനന്തപുരം∙ സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിർത്തുന്ന ആരോപണങ്ങൾ ഉന്നയിച്ച ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ മൊഴി നൽകാൻ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. കൈതോലപ്പായ വെളിപ്പെടുത്തലില്‍ കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലാണു മൊഴിയെടുക്കൽ. മാധ്യമങ്ങളോടു പ്രതികരിക്കാനില്ലെന്നു ശക്തിധരൻ പറഞ്ഞു.
സിപിഎം നേതാവ് 2 കോടി രൂപ കൈതോലപ്പായയിൽ കെട്ടി കടത്തിയെന്നായിരുന്നു ശക്തിധരന്റെ ആരോപണം. സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ‘ദേശാഭിമാനി’ ഓഫിസിൽ രണ്ടുദിവസം ചെലവിട്ടു സമ്പന്നരിൽനിന്നു പണം കൈപ്പറ്റിയെന്നും അതിൽ രണ്ടു കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താൻ സാക്ഷിയാണെന്നുമായിരുന്നു ശക്തിധരന്റെ ആരോപണം. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും ഇപ്പോഴത്തെ ഒരു മന്ത്രി ആ കാറിൽ ഉണ്ടായിരുന്നുവെന്നും ശക്തിധരൻ ആരോപിച്ചിരുന്നു.
കൂടാതെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളെ സിപിഎം അയച്ചിരുന്നതായും ശക്തിധരൻ ആരോപിച്ചിരുന്നു.
English Summary: G Sakthidharan appeared before investigation team