എല്ലായിടത്തും കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ; നിരവധി വീടുകൾ തകർന്നു
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് എല്ലാ ജില്ലയിലും കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ബഷീർ (50) ആണ് മരിച്ചത്. ആലപ്പുഴ തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞ് രാജ്കുമാർ മരിച്ചു. വടകരയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. വൈക്കിലശേരി കൊമ്മിണീമ്മൽ താഴ വിജീഷിനെയാണ് കാണാതായത്.
മരം കടപുഴകി വീണ് നിരവധി വീടുകളും വാഹനങ്ങളും തകർന്നു. ആലപ്പുഴയിൽ മാത്രം 117 വീടുകൾ തകർന്നു. വിവിധ സ്ഥലങ്ങളിലെ അപകടങ്ങളിൽ 11 പേർക്ക് പരുക്കേറ്റു. ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് മുകളിൽ മരം വീണു. അഗ്നിരക്ഷാ സേന മരം മുറിച്ചു നീക്കി. മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. വയനാട്ടിൽ ട്രക്കിങ് നിരോധിച്ചു. കുട്ടനാട് ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ തുടങ്ങി.
മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നതിനാൽ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കേരള തീരത്ത് 3.5 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. 30 മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞത്. മലപ്പുറം ജില്ലയിൽ 13 വീടുകൾ ഭാഗികമായി തകർന്നു. പൊന്നാനിയിൽ നിരവധി കുടുംബങ്ങളെ ക്യാംപിലേക്കു മാറ്റി. പെരിന്തൽമണ്ണയിൽ നിർത്തിയിട്ട വാഹനങ്ങളിൽ മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം പൊന്മുടിയിൽ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. തിരുവല്ല നിരണം വടക്കും സെന്റ് പോൾസ് സിഎസ്ഐ പള്ളി മഴയിൽ തകർന്നു. തൃശൂരിലുണ്ടായ മിന്നൽ ചുഴലിയിൽ ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വൻ നാശനഷ്ടം. തിരുവല്ലയിൽ വെള്ളം കയറിയ വീട്ടിൽ കുടുങ്ങിയവരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി.
മഴ കനത്ത് ജലനിരപ്പ് ഉയർന്നതോടെ കേരളത്തിൽ വിവിധ ഡാമുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഒരു ഷട്ടർ 60 സെന്റിമീറ്ററിനും മറ്റൊന്ന് 30 സെന്റിമീറ്ററും ഉയർത്തി. സെക്കൻഡിൽ 90 ഘനമീറ്റർ വെള്ളം ഒഴുക്കുന്നു. പാംബ്ല അണക്കെട്ടും തുറന്നു. പെരിയാർ, മുതിരപ്പുഴ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കണ്ണൂർ പഴശി അണക്കെട്ടിന്റെ മൂഴുവൻ ഷട്ടറുകളും പത്തു സെന്റീമീറ്റർ വീതം ഉയർത്തി.
English Summary: Rain wreaks havoc throughout Kerala