പ്രതിപക്ഷ നേതൃയോഗത്തിന് പോയപ്പോൾ അവിടുത്തെ അവസ്ഥ കണ്ട് ചിരി വന്നു: പ്രഫുൽ പട്ടേൽ
Mail This Article
മുംബൈ∙ പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ, അവിടുത്തെ അവസ്ഥ കണ്ട് ചിരി വന്നെന്ന് എൻസിപി വിമത നേതാവ് പ്രഫുൽ പട്ടേൽ. മുംബൈയിൽ നടന്ന അജിത് പവാർ അനുകൂലികളുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ്, പട്നയിലെ പ്രതിപക്ഷ നേതൃയോഗത്തെ പ്രഫുൽ പട്ടേൽ പരിഹസിച്ചത്. എൻസിപിയിലെ പിളർപ്പിനു മുൻപു നടന്ന ഈ യോഗത്തിൽ, ശരദ് പവാറിനൊപ്പം എൻസിപിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് പ്രഫുൽ പട്ടേലായിരുന്നു.
രാജ്യത്തെ 17 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗമാണ്, ചിരിപ്പിക്കുന്നതായിരുന്നുവെന്ന് പ്രഫുൽ പട്ടേൽ വിശദീകരിച്ചത്. ‘‘പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ നേതൃയോഗത്തിൽ ശരദ് പവാറിനൊപ്പം ഞാനും പങ്കെടുത്തിരുന്നു. അവിടുത്തെ കാഴ്ചകൾ കണ്ടപ്പോൾ എനിക്ക് ആദ്യം ചിരിയാണ് വന്നത്’ – പ്രഫുൽ പട്ടേൽ പറഞ്ഞു.
‘‘ആകെ 17 പാർട്ടികളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്. അതിൽ ഏഴു പാർട്ടികൾക്ക് ലോക്സഭയിൽ ആകെയുള്ളത് ഓരോ എംപിമാർ വീതം മാത്രം. ഒരു പാർട്ടിക്കാണെങ്കിൽ ഒരു എംപി പോലുമില്ല. ഇവരെല്ലാം കൂടി ചേർന്നാണ് ഇവിടെ മാറ്റം കൊണ്ടുവരുമെന്ന് പ്രസംഗിക്കുന്നത്’ – പ്രഫുൽ പട്ടേൽ പരിഹസിച്ചു.
‘എൻഡിഎ സഖ്യത്തിൽ ചേരാനുള്ള ഈ തീരുമാനം രാജ്യത്തിന്റെയും പാർട്ടിയുടെയും താൽപര്യങ്ങൾ മാത്രം മുൻനിർത്തിയെടുത്തതാണ്. അല്ലാതെ ഇതിൽ വ്യക്തിതാൽപര്യങ്ങൾ ഒന്നുമില്ല’ – പ്രഫുൽ പട്ടേൽ അവകാശപ്പെട്ടു.
ബിജെപിയുമായി ചേരാനുള്ള തീരുമാനത്തെ എതിർത്ത ശരദ് പവാറിന്റെ നിലപാടിനെയും പ്രഫുൽ പട്ടേൽ ചോദ്യം ചെയ്തു. ‘‘ശിവസേനയുടെ പ്രത്യയശാസ്ത്രം നമുക്കു സ്വീകരിക്കാമെങ്കിൽ ബിജെപിയുമായി സഖ്യം സ്ഥാപിക്കുന്നതിൽ എന്താണ് തെറ്റ്? ഒരു സ്വതന്ത്ര പാർട്ടിയെന്ന നിലയിലാണ് നമ്മൾ ബിജെപിയുമായി സഖ്യം സ്ഥാപിച്ചത്. ജമ്മു കശ്മീരിൽ മെഹബൂബ മുഫ്തിയും ഫറൂഖ് അബ്ദുല്ലയും ബിജെപിയുമായി സഹകരിച്ചിട്ടുണ്ട്.’ – പ്രഫുൽ പട്ടേൽ ചൂണ്ടിക്കാട്ടി.
English Summary: "Felt Like Laughing" At Opposition Unity Meet, Says NCP Rebel Praful Patel