ADVERTISEMENT

തിരുവനന്തപുരം∙ മൃഗശാലയിൽനിന്നു ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽനിന്നാണു കുരങ്ങിനെ പിടികൂടിയത്. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാർക്കിൽനിന്ന് മൃഗശാലയിൽ എത്തിച്ച രണ്ട് ഹനുമാൻ കുരങ്ങുകളിൽ പെൺകുരങ്ങാണ് ചാടിപ്പോയത്. ജർമൻ സാംസ്കാരിക നിലയത്തിൽനിന്ന് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മൃഗശാല അധികൃതർ വല ഉപയോഗിച്ച് കുരങ്ങിനെ പിടിച്ചു. കുരങ്ങിന്റെ ആരോഗ്യത്തിനു പ്രശ്നമില്ലെന്ന് അധികൃതർ അറിയിച്ചു.

മൃഗശാല ജീവനക്കാർ തിരച്ചിൽ നടത്തുന്നതിന് അനുസരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മാറിയ കുരങ്ങ് മഴയെ തുടർന്നാണ് കെട്ടിടത്തിൽ അഭയം തേടിയതെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ മാസം 13ന് വൈകിട്ടാണ് കുരങ്ങ് പുറത്തുചാടിയത്. തിരുപ്പതിയിൽനിന്ന് എത്തിച്ച കുരങ്ങൻമാരെ ഒരാഴ്ച കൂട്ടിൽ പാർപ്പിച്ചശേഷം മൃഗസംരക്ഷണ മന്ത്രിയുടെ സാന്നിധ്യത്തിൽ തുറന്ന കൂട്ടിലേക്കു വിടാനായിരുന്നു പദ്ധതി. പരീക്ഷണാടിസ്ഥാനത്തിലാണ് പെൺകുരങ്ങിനെ തുറന്ന കൂട്ടിലേക്കു മാറ്റിയത്.

ജർമൻ സാംസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ കണ്ടെത്തിയ ഹനുമാൻ കുരങ്ങിനെ പിടികൂടിയ എസ്. അജിതൻ (കയർ കയ്യിലുള്ള ആൾ), സുജി ജോർജ് (ഓറഞ്ച് ഷർട്ട്) എന്നിവർ മ്യൂസിയം ഡയറക്ടർ അബു ശിവദാസിനൊപ്പം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ജർമൻ സാംസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ കണ്ടെത്തിയ ഹനുമാൻ കുരങ്ങിനെ പിടികൂടിയ എസ്. അജിതൻ (കയർ കയ്യിലുള്ള ആൾ), സുജി ജോർജ് (ഓറഞ്ച് ഷർട്ട്) എന്നിവർ മ്യൂസിയം ഡയറക്ടർ അബു ശിവദാസിനൊപ്പം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

കുറച്ചുനേരം കൂട്ടിലിരുന്നശേഷം തൊട്ടടുത്ത മരത്തിലേക്കു കുരങ്ങ് കയറി. പിന്നീട് മ്യൂസിയം കോംപൗണ്ടിനു പുറത്തുള്ള മരത്തിൽ ഇരുന്നശേഷം തിരികെയെത്തി. ഒന്നര ദിവസത്തോളം മ്യൂസിയം കോംപൗണ്ടിലെ മരത്തിലിരുന്നു. പിന്നീട് കുരങ്ങ് മാസ്ക്കറ്റ് ഹോട്ടലിന്റെ ഭാഗത്തേക്കു പോയി. പബ്ലിക് ലൈബ്രറിയുടെ അടുത്തെ മരത്തിലിരുന്ന കുരങ്ങിനെ പിന്നീട് കാണാതായി. മൃഗശാല ജീവനക്കാർ നിരന്തരം തിരച്ചിൽ നടത്തി. ഒരു വിവരവും കിട്ടാതായതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതിനിടയിലാണ‌ു കണ്ടെത്താനായത്.

ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും രണ്ടു ദിവസംവരെ അതിജീവിക്കാൻ ശേഷിയുള്ളവരാണ് ഹനുമാൻ കുരങ്ങുകൾ. 2002ലാണ് കുരങ്ങൻമാർക്കായി മൃഗശാലയിൽ തുറന്ന കൂട് നിർമിച്ചത്. അതിനുശേഷം ആദ്യമായാണ് കുരങ്ങ് ചാടി പോകുന്നത്. കൂടുതൽ ഹനുമാൻ കുരങ്ങുകളെ മൃഗശാലയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

English Summary: Hanuman Langur jumped out of the zoo was caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com