പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വ്യവസായി സഹായിച്ചു; പ്രചണ്ഡയുടെ പ്രസ്താവന വിവാദത്തിൽ
Mail This Article
കാഠ്മണ്ഡു∙ നേപ്പാളിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വ്യവസായിയുടെ സഹായത്തോടെയാണ് പ്രധാനമന്ത്രിയായതെന്ന നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ വെളിപ്പെടുത്തൽ വിവാദത്തിൽ. പുസ്തക പ്രകാശനത്തിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്.
കിരൺദീപ് സന്ധുവിന്റെ ‘റോഡ്സ് ടു വാലി: ദ് ലെഗസി ഓഫ് സർദാർ പ്രീതം സിങ് ഇൻ നേപ്പാൾ’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. തന്നെ പ്രധാനമന്ത്രിയാക്കുന്നതിന് ഇന്ത്യൻ വ്യവസായിയായ പ്രീതം സിങ് മുൻകൈ എടുത്തുവെന്ന് പ്രചണ്ഡ പറഞ്ഞു. ‘‘ഇക്കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹം നിരവധി തവണ ഡൽഹിയിലേക്ക് യാത്ര ചെയ്തു. നേപ്പാളിലെ നിരവധി നേതാക്കൻമാരുമായി ചർച്ച നടത്തി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ചരിത്രപരമായ ഇടപെടൽ നടത്തി’’– പ്രചണ്ഡ പറഞ്ഞു.
ഇതോടെ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പ്രധാന പ്രതിപക്ഷ പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (സിപിഎൻ–യുഎംഎൽ), ബുധനാഴ്ച അസംബ്ലി യോഗം തടസപ്പെടുത്തി. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎൻ നേതാവ് കെ.പി.ശർമ ഒലി ആവശ്യപ്പെട്ടു. പ്രചണ്ഡയുടെ പ്രസ്താവന രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും പാർലമെന്റിനും എതിരാണെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ നിന്നും നിയമിക്കപ്പെട്ട പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രി പദവിയിൽ തുടരാൻ യോഗ്യതയില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.
എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുെവന്ന് പ്രചണ്ഡ വിശദീകരിച്ചു. പ്രീതം സിങ്ങിന്റെ പുസ്തകത്തിലുള്ള വാക്കുകളാണ് താൻ ഉദ്ധരിച്ചതെന്നും പ്രചണ്ഡ പറഞ്ഞു.
English Summary: Nepal PM's India remark stirs up storm