ലിവ് ഇൻ റിലേഷൻ: സുമയ്യയ്ക്കും അഫീഫയ്ക്കും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി
Mail This Article
കൊച്ചി ∙ ലിവ് ഇൻ റിലേഷനിലുള്ള മലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും സി.എസ്.അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടത്. അഫീഫയുടെ മാതാപിതാക്കളിൽ നിന്നും കൂട്ടാളികളിൽ നിന്നും പൊലീസ് സംരക്ഷണം തേടിയാണ് ഹർജി.
പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസർ, കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കാണു കോടതി നിർദേശം നൽകിയത്. നേരത്തേ അഫീഫയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ചു സുമയ്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തനിക്കു വീട്ടുകാരോടൊപ്പം പോകാനാണ് താൽപര്യം എന്ന് അഫീഫ അറിയിച്ചതിനെ തുടർന്നു ഹൈക്കോടതി തീർപ്പാക്കിയിരുന്നു.
എന്നാൽ ഇതിന് ശേഷം പൊലീസിന്റെയും സ്ത്രീ സംരക്ഷണ സെല്ലിന്റെയും സഹായത്തോടെ വീണ്ടും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയ ഇരുവരും പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. അഫീഫയെ വീട്ടുകാർ വീണ്ടും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. സർക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
English Summary: Kerala High Court Orders Protection For Lesbian Couple Sumaiah And Afeefa