മന്ത്രിമാരുടേത് തീരെ നിലവാരം കുറഞ്ഞ ഷോ; സാന്ത്വനിപ്പിക്കേണ്ടവര്‍ അപമാനിച്ചു: സുധാകരൻ
Mail This Article
തിരുവനന്തപുരം ∙ മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കൽപിച്ച മന്ത്രിമാരും, ജനങ്ങൾക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേരയ്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മത്സ്യത്തൊഴിലാളികള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയതുപോലെ ഇവര്‍ക്കും ഓടേണ്ടി വരുമായിരുന്നു.
3 സഹജീവികള്‍ കടലില്‍ ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില്‍ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണു മന്ത്രിമാര്‍ ശ്രമിച്ചത്. തീരദേശവുമായി ബന്ധമുള്ള മന്ത്രിമാരാണ് അധികാരം കിട്ടിയപ്പോള്‍ ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപമാനിക്കുന്നത്. തീരദേശത്തെ വോട്ടാണ് ഇവരെ മന്ത്രിമാരാക്കിയത് എന്ന യാഥാർഥ്യം പോലും മറന്നു.
മന്ത്രിമാര്‍ തീരെ നിലവാരം കുറഞ്ഞ ഷോയാണു തീരദേശത്ത് കാട്ടിയത്. 2018ലെ പ്രളയകാലത്ത് രക്ഷകരായി പ്രവര്‍ത്തിച്ചവരാണു കേരളത്തിന്റെ സ്വന്തം സേനയെന്നു വിശഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍. കേരളം വലിയ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ജീവന്‍ പണയംവച്ച് ഓടിയെത്താന്‍ അവരുണ്ടായിരുന്നു. അവര്‍ ഒരു പ്രതിസന്ധിയെ നേരിട്ടപ്പോള്‍ സാന്ത്വനിപ്പിക്കേണ്ടവര്‍ അവരെ അപമാനിച്ചു. അൽപമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മന്ത്രിമാര്‍ മുതലപ്പൊഴിയിലെത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് മാപ്പുപറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
English Summary: KPCC President K Sudhakaran slams Kerala Ministers in Muthalapozhi incidents