ADVERTISEMENT

16 വർഷക്കാലം സ്വന്തം ജനത്തിനുവേണ്ടി ഭക്ഷണമില്ലാതെ പോരാടിയ ഇറോം ശർമിള  എവിടെയാണ് ? മണിപ്പൂര്‍ കത്തുമ്പോൾ പല കോണുകളിൽ നിന്നും ഉയരുന്ന ഒരു ചോദ്യം ഇതാണ്. ജനത്തിനെതിരെ സൈനികർ  ആയുധമെടുക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ടാണ് ഇറോം ശർമിള നീണ്ട 16 വർഷക്കാലം ആഹാരം കഴിക്കാതെ സത്യഗ്രഹം നടത്തിയത്. സഹനസമരത്തിന്റെ വേറിട്ട മാതൃകയിലൂടെ ആഗോള ശ്രദ്ധ നേടിയ അതേ നാട്ടിൽ ജനം ഇപ്പോൾ ആയുധമെടുത്തു പരസ്പരം കൊന്നുതള്ളുകയാണ്.

അഫ്സ്പ എന്ന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇറോം ശർമിളയുടെ സമരം. ആ സമരം ഫലം കാണാതെ അവസാനിപ്പിക്കേണ്ടി വന്നതോടെ പൊതുരംഗത്തു നിന്നും ഉൾവലിഞ്ഞ അവർ ഇപ്പോള്‍ അക്ഷരാർഥത്തിൽ വനവാസത്തിലാണ്. മണപ്പുരിന്റെ ഉരുക്കു വനിതയെന്നായിരുന്നു ഒരുകാലത്ത് ഇറോം ചാനു ശര്‍മിള അറിയപ്പെട്ടിരുന്നത്. മണിപ്പുര്‍ സമാനതകളില്ലാത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ അവരുടെ അസാന്നിധ്യവും മൗനവും ശ്രദ്ധേയമാകുന്നതും അതുകൊണ്ടു തന്നെ. കലാപം ശമിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തെഴുതിയത് ഒഴിച്ചാല്‍ മണിപ്പുര്‍ വിഷയത്തില്‍ തികഞ്ഞ മൗനത്തിലാണ് ശർമിള

ഒന്നും നേടാനാകാതെ അവസാനിപ്പിച്ച സമരം

2000 നവംബര്‍ രണ്ടിനായിരുന്നു ലോക ശ്രദ്ധ മണിപ്പുരിലേക്ക് തിരിഞ്ഞത്. ഇംഫാല്‍ താഴ്‌വരയിലെ മൗലോം ടൗണിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നിന്ന പത്തു പേരെ അസം റൈഫിള്‍സിലെ സൈനികര്‍ വെടിവച്ച് കൊലപ്പെടുത്തി. മൗലോം കൂട്ടക്കൊല എന്നറിയപ്പെട്ട ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇറോം ശർമിള നിരാഹാരം ആരംഭിച്ചത്. സൈന്യത്തിന്  പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സ് സ്പെഷൽ പവർ ആക്ട് (അഫ്സ്പ) പിൻവലിക്കണമെന്നാശ്യപ്പെട്ടായിരുന്നു സമരം. വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനും മജിസ്ട്രേറ്റിന്റെ അനുമതി ഇല്ലാതെ വെടിവയ്ക്കാനും അധികാരം നൽകുന്നതായിരുന്നു അഫ്സ്പ. നിരാഹാരം തുടങ്ങുമ്പോള്‍ ഇറോം ശര്‍മിളയ്ക്ക് 28 വയസ്സായിരുന്നു. ആഹാരവും വെള്ളവുമില്ലാതെ തുടരുന്ന സമരം മരണത്തിലേ കലാശിക്കുകയുള്ളു എന്നു മനസ്സിലാക്കിയ സര്‍ക്കാര്‍, ആത്മഹത്യാക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. പിന്നീട്  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ കുഴലിട്ട് നിര്‍ബന്ധപൂര്‍വം ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുകയായിരുന്നു. 2016 വരെ നീണ്ട ദീര്‍ഘ സമരത്തിനൊടുവില്‍ ഇറോം ശര്‍മിള പിന്‍മാറി. തിരഞ്ഞെടുപ്പ് രാഷ്ട്രീയമായിരുന്നു ലക്ഷ്യം.

തുടര്‍ന്ന് പീപ്പിള്‍ റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (പിആർജെഎ) എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടു. അന്നത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇബോബി സിങ്ങിന് എതിരെ തൗബാല്‍ മണ്ഡലത്തിലായിരുന്നു മത്സരം. വെറും 90 വോട്ട് മാത്രമായിരുന്നു ഇറോം ശർമിളയ്ക്ക് ലഭിച്ചത്. 143 വോട്ടായിരു‌ന്നു നോട്ടയ്ക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ താന്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് പിൻമാറുകയാണെന്ന് ഇറോം ശർമിള പ്രഖ്യാപിച്ചു. പാർട്ടി നിർത്തിയ മറ്റു രണ്ടു സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശു നഷ്ടമായി. തെക്കേ ഇന്ത്യയിൽ എവിടെയെങ്കിലും പോയി സമാധാനമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നു ശർമിള പറഞ്ഞു. അതേസമയം മണിപ്പുരിലെ പ്രത്യേക സൈനിക നിയമത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. 2017ല്‍ ബ്രിട്ടിഷ് പൗരനായ ഡെസ്മണ്ട് ആന്റണി കുട്ടിഞ്ഞോയെ വിവാഹം കഴിച്ചു ബെംഗളൂരുവിലേക്ക് താമസം മാറ്റി. 

കലാപത്തിന്റെ ഭാഗമായി അക്രമകാരികൾ വാഹനത്തിന് തീയിട്ടപ്പോൾ (Photo by AFP)
കലാപത്തിന്റെ ഭാഗമായി അക്രമകാരികൾ വാഹനത്തിന് തീയിട്ടപ്പോൾ (Photo by AFP)

വഞ്ചിച്ചതാര്

ഒന്നരപതിറ്റാണ്ടിന്റെ സമരത്തിനുശേഷവും ഭരണകര്‍ത്താക്കള്‍ അണുവിട മാറാതെവന്നപ്പോള്‍ തോറ്റുപോയത് ശര്‍മിള മാത്രമായിരുന്നില്ല; സഹനസമരം കൂടിയായിരുന്നു. പെട്ടെന്നൊരു ദിവസം ശര്‍മിള സമരം നിര്‍ത്തിയതിനെതിരെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങളുണ്ടായി. ശര്‍മിള മണിപ്പുരിനെ വഞ്ചിച്ചു എന്നു പറഞ്ഞവരുണ്ട്. സമരം പരാജയപ്പെട്ടതിനാല്‍ ഇനിയവര്‍ സ്വന്തം കാര്യം നോക്കുന്നതാണ് നല്ലതെന്നു വാദിച്ചവരുണ്ട്. എല്ലാവരോടും യോജിച്ചും വിയോജിച്ചും ശര്‍മിള സഹന സമരം നിര്‍ത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായി. പണത്തിനും പ്രതാപത്തിനും മീതെ നാട്ടുകാര്‍ തന്നെ തിര‍ഞ്ഞെടുക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പില്‍ പക്ഷേ, കാത്തിരുന്നത് ദയനീയ പരാജയം. അതോടെ, പ്രശസ്തിയില്‍ നിന്ന്, പ്രക്ഷോഭപാതയില്‍നിന്ന് ശര്‍മിള ഉള്‍വലിഞ്ഞു.

മണിപ്പുരിലെ ബിഷ്‌ണുപുർ മേഖലയിൽ കാവൽ നിൽക്കുന്ന സൈനികൻ (Image by PTI photo)
മണിപ്പുരിലെ ബിഷ്‌ണുപുർ മേഖലയിൽ കാവൽ നിൽക്കുന്ന സൈനികൻ (Image by PTI photo)

അധികാരികളും ജനവും ഒരുപോലെ വഞ്ചിച്ചു എന്ന തോന്നൽ ശർമിളയെ അലട്ടിയിരിക്കാം. മണിപ്പുരില്‍നിന്ന് അകലെ കൊടൈക്കനാലില്‍ 46 വയസ്സുകാരിയായ ശര്‍മിള വിവാഹജീവിതം തുടങ്ങി. പുതിയൊരു ജീവിതം തുടങ്ങിയതിനുശേഷം അവര്‍ നിശ്ശബ്ദയായിരുന്നു. അവരെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്തു വരുന്നില്ലായിരുന്നു. 2019ൽ അവർ ഇരട്ടപ്പെൺകുട്ടികളുടെ അമ്മയുമായി.

പ്രധാന്യം സ്വന്തം സമാധാനത്തിന്

ഒരുകാലത്ത് മണിപ്പുരിന്റെ സമരമുഖമായിരുന്നു ഇറോം ശർമിള. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അവർ ശക്തമായി പ്രതികരിച്ചു. പൊലീസിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും കിരാത നടപടികളെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കുന്നതിന് ഇറോം ശർമിളയുെട പോരാട്ടത്തിനായി. എന്നാൽ ഇത്രയും കാലം സമരം നടത്തിയിട്ടും പ്രത്യേകിച്ച് ഒന്നും നേടാൻ കഴിയാതെ വന്നതോടെയാകാം അവർ മുഖ്യധാരയിൽ നിന്നും മാറി നിന്നത്. സത്യാഗ്രഹ സമരങ്ങളോട് ഭരണകൂടം കാണിക്കുന്ന അവഗണനയും അതിന് പ്രേരകമായിരിക്കാം. മണിപ്പുരിൽ വ്യാപക അക്രമം നടത്തുന്ന മെയ്തെയ് വിഭാഗത്തിൽ പെടുന്ന ആളാണ് ഇറോ ശർമിള. സ്വന്തം വിഭാഗത്തെ വിമർശിക്കാനോ അനുകൂലിക്കാനോ ഇറോം ശർമിള തയാറായില്ല. കലാപവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിക്കാനും അവർ മുന്നോട്ടുവന്നില്ല.

സൈനികാതിക്രമങ്ങൾക്കെതിരെ ചരിത്രപരമായ സമരം നടത്തിയ വ്യക്തിയുെട മൗനം മണിപ്പുരിൽ സംഘർഷത്തിന്റെ പശ്ചാലത്തിൽ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നുണ്ട്. സ്വന്തം സംസ്ഥാനം കത്തിയമരുമ്പോളും ഇത്രയും വലിയൊരു സമരം നടത്തിയ സ്ത്രീയ്ക്ക് എങ്ങനെ നിശബ്ദയായിരിക്കാൻ സാധിക്കും?. വാഗ്ദാനങ്ങൾ നൽകി അധികാരികൾ വഞ്ചിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനവും യാതൊരു ദയയുമില്ലാതെ അവഗണിക്കുക കൂടി ചെയ്തപ്പോൾ അവർക്ക് അത്രമാത്രം മടുത്തിട്ടുണ്ടാകും. ദക്ഷിണേന്ത്യയിൽ കുടുംബവുമായി താമസിക്കുമ്പോൾ കിട്ടുന്ന സമാധാനം നശിപ്പിക്കാൻ അവർക്ക് താൽപര്യവുമുണ്ടാകില്ല. ‌നാടിന് സമാധാനം ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് സ്വയം സമാധാനം കണ്ടെത്തുന്നതാണെന്നും തോന്നിയിരിക്കാം.  

English Summary: Manipur Riot, Where Is Irom Sharmila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com