ADVERTISEMENT

ചെന്നൈ∙ തമിഴ് സൂപ്പർതാരം വിജയ്‍യുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹം ശക്തമായിരിക്കെ ചെന്നൈയ്ക്കു സമീപം പനയൂരിലുള്ള വിജയ്‍യുടെ ഫാംഹൗസിൽ വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ പങ്കെടുത്ത യോഗത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ അഭിനയം പൂർണമായും ഉപേക്ഷിക്കുമെന്ന് വിജയ് അറിയിച്ചതായാണ് യോഗത്തിൽ പങ്കെടുത്തവർ വെളിപ്പെടുത്തിയത്. യോഗത്തിന്റെ മിനിറ്റ്സ് പ്രാദേശിക മാധ്യമങ്ങൾക്ക് ലഭിച്ചെന്നാണ് വിവരം. 

വിജയ് തമിഴ്നാട്ടില്‍ പദയാത്ര നടത്താന്‍ തയാറെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ നടന്ന യോഗത്തിനു ശേഷമാണ് പദയാത്രയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ലിയോ സിനിമയുടെ റിലീസിന് മുന്‍പ് താരം പദയാത്ര നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ്ക്കു വേണ്ടി താഴെത്തട്ടിൽനിന്ന് പ്രവർത്തനം ശക്തമാക്കുമെന്നും രാഷ്ട്രീയത്തിലേക്കു വരികയാണെങ്കിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുമെന്നും വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ അറിയിച്ചു. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം സാധ്യമാകുകയാണെങ്കിൽ അദ്ദേഹത്തിന്റെ ആരാധകരുടെ മാത്രമല്ല, അജിത്, രജനീകാന്ത് തുടങ്ങിയ വമ്പൻ താരങ്ങളുടെ ആരാധകരും പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു വിജയ് എപ്പോൾ‌ പച്ചക്കൊടി കാണിക്കുന്നുവോ, അന്നു മുതൽ വിജയ്ക്കു വേണ്ടി പ്രവർത്തിക്കാൻ തങ്ങൾ‌ തയാറായി നിൽക്കുകയാണെന്ന് വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ അറിയിച്ചു. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും വിജയ്‍യോ അദ്ദേഹത്തിന്റെ സംഘാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. 

ഫാൻസ് അസോസിയേഷന്‍ ആയ ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) പ്രത്യേക പതാകയോ ചിഹ്നമോ ഇല്ലാതെ അവസാന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 169 അംഗങ്ങൾ മത്സരിച്ചതിൽ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് കളം അറിയാൻ നടത്തിയ പരീക്ഷണമാണിതെന്നാണു സൂചന. പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ രീതിയിൽ ഇടപെടുന്ന വിജയ് മക്കൾ ഇയക്കം വരുന്ന തദ്ദേശ തിര‌ഞ്ഞെടുപ്പിൽ സ്വതന്ത്ര പാർട്ടിയായി മത്സരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. 

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന തന്റെ 68ാം സിനിമയ്ക്കുശേഷം അഭിനയ ജീവിതത്തിൽനിന്ന് മൂന്നു വർഷത്തെ ഇടവേളയെടുക്കുമെന്നാണ് വിജയ്‍യുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. നിലവിൽ ലോകേഷ് കനകരാജിന്റെ ലിയോയാണ് വിജയ്‍യുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഇത് ഒക്ടോബർ 16ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വെങ്കിട്ട് പ്രഭുവിന്റെ ചിത്രം അടുത്ത വർഷം ജനുവരി ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

English Summary: Thalapathy Vijay Meets Vijay Makkal Iyakkam Members At His Farmhouse updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com