കെ റെയിലിന് ബദൽ പദ്ധതിയൊരുക്കാനുള്ള സർക്കാർ നീക്കത്തിൽ സംശയമുണ്ടെന്ന് കെ. മുരളീധരൻ
![k-muraleedharan-5 കെ.മുരളീധരൻ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/3/11/k-muraleedharan-5.jpg?w=1120&h=583)
Mail This Article
കോഴിക്കോട്∙ കെ റെയിൽ സിൽവർലൈൻ പദ്ധതിക്ക് ബദൽ പദ്ധതിയൊരുക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളിൽ സംശയങ്ങളുണ്ടെന്ന് കെ മുരളീധരൻ എംപി. ബദൽ പദ്ധതിയെകുറിച്ച് വിശദമായി പഠിക്കാതെ അഭിപ്രായം പറയാൻ കഴിയില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയായ കെ.വി. തോമസിനെ മുന്നിൽ നിർത്തിയുള്ള നീക്കങ്ങളിൽ സംശയമുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു.
സാങ്കേതികപരമായി ഇ. ശ്രീധരനുള്ള കഴിവുകളെ അംഗീകരിക്കുന്നു. എന്നാൽ കോടികൾ ചെലവ് വരുന്ന ഇത്രയേറെ വലിയൊരു പദ്ധതിക്ക് അദ്ദേഹത്തിനു 24 മണിക്കൂർകൊണ്ട് റിപ്പോർട്ട് തയ്യാറാക്കാൻ കഴിയില്ല. അതിന് അലാവുദ്ദീന്റെ അദ്ഭുത വിളക്ക് വേണം. കെ.വി. തോമസിന് ബിജെപിയുമായും നല്ല ബന്ധമുണ്ട്. ഒരു പദ്ധതി വരുമ്പോൾതന്നെ അതിനെ കുറിച്ച് അഭിപ്രായം പറയേണ്ടതില്ല. ഡിപിആർ പുറത്തുവരണം. പദ്ധതിയെ കുറിച്ച് തങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
കെ.വി. തോമസ് ഒരു ദിവസം ശ്രീധരന്റെ വീട്ടിൽ എത്തുന്നു. അവിടെനിന്നു ഭക്ഷണം കഴിച്ച്, സിൽവർലൈൻ നടപ്പാക്കാനുള്ള സഹായം തേടുന്നു. സിൽവർലൈൻ പ്രായോഗികമല്ലെന്നും മറ്റു ചില നിർദേശങ്ങൾ തരാമെന്നും ശ്രീധരൻ പറയുന്നു. അടുത്ത ദിവസം തന്നെ ശ്രീധരൻ കുറിപ്പ് നൽകുന്നു. ഇത്രയേറെ കോടികൾ ചെലവു വരുന്ന പദ്ധതിയുടെ കുറിപ്പാണ് ഒരു ദിവസത്തിനുള്ളിൽ നൽകുന്നത്. കുറിപ്പ് ഡൽഹിയിലെത്തിയ അതേസമയത്തുതന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ശ്രീധരനെ കാണുകയും ചെയ്തു. ഇത് അതിവേഗ റെയിൽപാതയുടെ കുറിപ്പാണോ അതോ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറയ്ക്കാനുള്ള പാതയുടെ കുറിപ്പാണോ എന്ന് അറിയേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞു.
English Summary: K Muraleedharan says he is skeptical about the government's alternative plan for K Rail