ഫ്രഞ്ച് ദേശീയ ദിനത്തിൽ മുഖ്യാതിഥിയായി മോദി; പരേഡിൽ ഇന്ത്യൻ സേനയും - ചിത്രങ്ങൾ
Mail This Article
പാരിസ്∙ ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റീൽ ഡേയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക ചരിത്രത്തിലെ തന്നെ അതികായരും, ഭാവിയിലെ നിർണായക ശക്തിയും, തന്ത്രപ്രധാന പങ്കാളിയും അതിലുപരി അടുത്ത സുഹൃത്തുമാണ് ഇന്ത്യയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ചടങ്ങിൽ വ്യക്തമാക്കി. ഇന്ത്യയോടുള്ള സ്നേഹത്തിനും വിശ്വസ്തതയ്ക്കും 140 കോടി ഇന്ത്യക്കാർ ഫ്രാൻസിനോട് നന്ദിയുള്ളവരാണെന്ന് മോദി മറുപടി നൽകി.
ദ്വിദിന സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി മോദിയെ ഫ്രാൻസിന്റെ പ്രഥമ വനിത ബ്രിജിത്ത് മക്രോ, പ്രധാനമന്ത്രി എലിസബത്ത് ബോൺ എന്നിവർ ചേർന്നാണ് വരവേറ്റത്.
തുറന്ന വാഹനത്തിൽ സൈനിക അകമ്പടിയോടെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വേദിയിലെത്തിയത്. ഇന്ത്യൻ സേനയുടെ പ്രാതിനിധ്യമായിരുന്നു ഇത്തവണത്തെ ബാസ്റ്റീൽ ഡേ പരേഡിന്റെ പ്രധാന സവിശേഷത. ഇതിനു പുറമെ ഇന്ത്യൻ വായുസേനയുടെ മൂന്ന് റഫാൽ ഫൈറ്റർ ജെറ്റുകൾ ഫ്ലൈപാസ്റ്റിന്റെ ഭാഗവുമായി.
എല്ലാ വർഷവും ജൂലൈ 14ന് നടക്കുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷം യൂറോപ്പിലെതന്നെ പഴക്കമേറിയ സൈനിക പരേഡായാണ് കണക്കാക്കുന്നത്. ബാസ്റ്റീൽ ഡേ പരേഡിൽ ഫ്രാൻസിന്റെ എല്ലാ സൈനിക വിഭാഗങ്ങളുടെയും പ്രാതിനിധ്യമുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തത്തിന് 25 വർഷം തികയുന്ന വേളയിലാണ് പ്രധാനമന്ത്രി മോദി മുഖ്യാതിഥിയായി പങ്കെടുത്തതെന്ന സവിശേഷതയുമുണ്ട്.
English Summary: Prime Minister Modi participate in Bastille Day Parade in Paris