യമുനയിലെ ജലനിരപ്പു താഴുന്നു; മഴമുന്നറിയിപ്പില്‍ ആശങ്ക അകലാതെ ഡൽഹി
Mail This Article
ന്യൂഡൽഹി∙ കരകവിഞ്ഞൊഴുകി ഡൽഹിയിലെ ജനജീവിതം ദുസ്സഹമാക്കിയ യമുനാനദിയിലെ ജലനിരപ്പ് നേരിയതോതിൽ താഴുന്നു. ശനിയാഴ്ച രാവിലെ 205.33 മീറ്ററിലേക്കെത്തിയ ജലനിരപ്പ് ഇപ്പോഴും അപകടരേഖയ്ക്ക് രണ്ട് മീറ്റർ ഉയരെയാണുള്ളത്. അതേസമയം, ഡൽഹിയിൽ അടുത്ത രണ്ടു ദിവസം നേരിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ആശങ്കപ്പെടുത്തുന്നതാണ്. ശനിയാഴ്ച ഡൽഹിയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലും അടുത്ത അഞ്ചു ദിവസം കനത്ത മഴയുണ്ടാകാൻ സാധ്യയുള്ളതായി മുന്നറിയിപ്പുണ്ട്. ഇത് നദിയിൽ വീണ്ടും ജലനിരപ്പ് ഉയരാൻ ഇടയാക്കിയേക്കുമെന്നതും ആശങ്ക വർധിപ്പിക്കുന്നു. കനത്തമഴയെത്തുർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലാണ്. യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച 208.66 മീറ്റര്‍ എന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു. 1978ൽ രേഖപ്പെടുത്തിയ 207.49 മീറ്ററായിരുന്നു ഇതിനു മുൻപുള്ള ഉയർന്ന ജലനിരപ്പ്.
ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ട് തുറന്നുവിട്ടതും ജലനിരപ്പ് വൻതോതിൽ ഉയരുന്നതിന് കാരണമായി. ചെങ്കോട്ട, കശ്മീരി ഗേറ്റ്, സുപ്രിംകോടതി, രാജ്ഘട്ട് തുടങ്ങി ഡൽഹിയിലെ പ്രധാനപ്പെട്ട മിക്കയിടങ്ങളിലും ജലം ഒഴുകിയെത്തി. കാൽലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും കോടികളുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തു. അതിനിടെ 2009 മുതൽ യമുനാനദിക്കരയിലെ 2480 ഹെക്ടർ ഭൂമി അനധികൃതമായി കൈയേറി നിർമാണ പ്രവൃത്തികൾ നടത്തിയതായി ഡൽഹി വനംവകുപ്പ് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിക്ക് കൈമാറിയ കത്തിൽ പറയുന്നു.
English Summary: Swollen Yamuna recedes slowly, concerns remain amid rain forecast in Delhi