പ്രധാനമന്ത്രിക്ക് അബുദാബിയിൽ ഊഷ്മള സ്വീകരണം; സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കും
Mail This Article
അബുദാബി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബിയിൽ ഊഷ്മള സ്വീകരണം. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലേദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ അഞ്ചാം യുഎഇ സന്ദർശനമാണിത്. ഐഐടി ഡൽഹി, രൂപയിൽ വ്യാപാരം ഉൾപ്പടെ സുപ്രധാന കരാറുകൾ പ്രധാനമന്ത്രി ഒപ്പുവയ്ക്കും.
പ്രാദേശിക സമയം രാവിലെ 11.45ന് യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ് 28ന്റെ നിയുക്ത അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബറുമായും അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നെക്) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 12.50ന് നയതന്ത്ര, ദൗത്യ സംഘങ്ങളുമായി ചർച്ചയും തുടർന്ന് വിവിധ ധാരണാപത്രങ്ങളുടെ ഒപ്പിടൽ എന്നിവ നടക്കും. ഊർജം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക കാര്യം, പ്രതിരോധം, സംസ്കാരികം എന്നീ മേഖലകളുമായി ബന്ധപ്പെട്ടു ചർച്ചകൾ നടക്കും. ഉച്ചയ്ക്കു ശേഷം 3ന് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്കു മടങ്ങും.
English Summary: PM Narendra Modi In Abu Dhabi For Day-Long Visit