കെ.വി.തോമസിന് ഡൽഹിയിൽ പണിയില്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്: വിമർശിച്ച് മന്ത്രി മുരളീധരൻ
Mail This Article
തിരുവനന്തപുരം∙ അതിവേഗ റെയിൽ പദ്ധതിയിൽ ഇ.ശ്രീധരന്റെ പേരു പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടയും ശ്രമിക്കേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സിൽവർലൈൻ പദ്ധതി അപ്രായോഗികമെന്നാണ് ഇ.ശ്രീധരന്റെ നിലപാട്. അത് സ്വീകാര്യമെങ്കിൽ സിൽവർലൈൻ ഉപേക്ഷിച്ചോയെന്ന് സർക്കാർ ജനങ്ങളോടു പറയണം. സില്‍വർലൈൻ പദ്ധതിയുടെ പേരിൽ നടന്ന ധൂർത്തിൽ നടപടിയുണ്ടാകുമോയെന്നും മുരളീധരൻ ചോദിച്ചു.
‘‘ഉയരപ്പാതയോ, തുരങ്കപ്പാതയോ മാത്രമേ അതിവേഗ പദ്ധതിക്കായി കേരളത്തിൽ സാധിക്കുവെന്നാണ് ഇ.ശ്രീധരൻ പറഞ്ഞത്. ഇതു മറച്ചുവച്ചാണ് ശ്രീധരൻ സിൽവർലൈനെ അനുകൂലിച്ചുവെന്ന വ്യാജപ്രചരണം നടക്കുന്നത്. ശ്രീധരന്റെ ബദൽ ആശയം ചർച്ച ചെയ്ത്, ജനങ്ങളോട് സർക്കാർ നിലപാട് വിശദീകരിക്കണം. കെ.വി.തോമസിന് ഡൽഹിയിൽ പണിയില്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നിൽക്കരുത്. കമ്മിഷൻ റെയിലായി മാറിയ സിൽവർലൈൻ പോലെ പണം തട്ടാനുള്ള പരിപാടിയായി ശ്രീധരന്റെ ബദൽ നിർദേശത്തെ കണ്ടുള്ള നീക്കങ്ങൾ വിലപ്പോകില്ല’’– മുരളീധരൻ വ്യക്തമാക്കി.
ഏക സിവിൽകോഡിനെതിരെ മുസ്‌ലിം സ്ത്രീകളെ ഉൾപ്പെടുത്തിയാണ് സിപിഎം സെമിനാർ സംഘടിപ്പിക്കേണ്ടതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ചർച്ചകളിലൂടെ അവരുടെ അഭിപ്രായവും പുറത്തെത്തിക്കണം. ഇഎംഎസ്, ഇ.കെ.നായനാർ, സുശീല ഗോപാലൻ തുടങ്ങിയ നേതാക്കൾ ഏക വ്യക്തി നിയമത്തിന് അനുകൂലമായിരുന്നു. പുതിയ ആചാര്യൻമാർ ആദ്യം അവരെ തള്ളിപ്പറയട്ടെയെന്നും മുരളീധരൻ പരിഹസിച്ചു.
English Summary: V Muraleedharan about High Speed Rail Project